മാർച്ച് 28-നകം ആലപ്പുഴ കാപ്പിക്കോ റിസോർട്ട് പൊളിക്കണം, അല്ലെങ്കിൽ നടപടി: സുപ്രീംകോടതി
ഡല്‍ഹി: മാർച്ച് 28നകം ആലപ്പുഴ കാപ്പിക്കോ റിസോർട്ടിൻ്റെ പൊളിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നും അല്ലാത്തപക്ഷം കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും സർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. കോടതി ഉത്തരവിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടികൾ പൂർത്തിയാകാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
നടപടികൾ പൂർത്തിയാക്കാത്ത ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. എന്നാൽ റിസോർട്ട് പൊളിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഇത് പൂർത്തിയാക്കാൻ കുറച്ച് സമയം കൂടി മതിയെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കൗൺസൽ സി കെ ശശി സുപ്രീം കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്ത് നാലാഴ്ചയ്ക്കകം നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ നെടിയ തുരുത്ത് ദ്വീപിൽ നിർമ്മിച്ച കാപ്പിക്കോ റിസോർട്ട് പൊളിച്ചുനീക്കാൻ 2020 ജനുവരി 10 നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടം പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി വിധി ശരിവച്ചായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. കഴിഞ്ഞ വർഷം സെപ്റ്റംബർ 14 നാണ് പൊളിക്കൽ നടപടികൾ ആരംഭിച്ചത്.