പ്രധാന വാര്‍ത്തകള്‍
വിദ്യാര്‍ഥികളുമായി സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ പരിശോധന; സുരക്ഷിത സ്‌കൂള്‍ ബസിന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം വിദ്യാർത്ഥികളുമായി ഓടുന്ന സ്കൂൾ ബസുകളും വാഹനങ്ങളും മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുന്നു. 13 മുതൽ 17 വരെ രാവിലെ കുട്ടികളുമായി സ്കൂളുകളിൽ എത്തിയ ശേഷമാണ് പരിശോധന.
സ്കൂൾ സമയം അവസാനിക്കുന്നതിന് മുമ്പ് പരിശോധന പൂർത്തിയാക്കും. ‘സുരക്ഷിത സ്കൂൾ ബസ്’ എന്ന പേരിലാണ് പരിശോധന. എല്ലാ ജില്ലകളിലും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെയും ആര്‍.ടി.ഒ, സബ് ആര്‍.ടി.ഒ വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കുണ്ടാകും.
യന്ത്രങ്ങളുടെ പ്രവർത്തനം, വയറിങ്, അഗ്നിരക്ഷാ സംവിധാനം, എമർജൻസി ഡോർ, പ്രഥമ ശുശ്രൂഷ ബോക്സ്, വേഗപ്പൂട്ട് എന്നിവയെല്ലാം പരിശോധിക്കും. തകരാർ കണ്ടെത്തിയാൽ അത് പരിഹരിച്ച ശേഷമേ സർവീസ് നടത്താൻ അനുവദിക്കൂ. അനുവദനീയമായതിലും കൂടുതൽ കുട്ടികളെ കൊണ്ടുപോകുന്നുണ്ടോ എന്നും പരിശോധിക്കും.