ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍ കിരീടം വീണ്ടുമുയർത്തി റയല്‍ മാഡ്രിഡ്
റബാത്ത് (മൊറോക്കോ): ഫിഫ ക്ലബ് ലോകകപ്പ് കിരീടം നേടി സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ്. സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിനെ 3-5ന് തോൽപ്പിച്ചാണ് നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ കിരീടം നേടിയത്. റയലിന്‍റെ അഞ്ചാം ക്ലബ് ലോകകപ്പ് കിരീടമാണിത്.
വിനീഷ്യസ് ജൂനിയർ, ഫെഡറിക്കോ വാൽവർഡെ എന്നിവർ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ കരീം ബെൻസെമ റയലിന്‍റെ ഗോള്‍പട്ടിക തികച്ചു. വിനീഷ്യസ് രണ്ട് ഗോളുകൾ നേടുകയും ബെൻസെമയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
കളിയുടെ തുടക്കം മുതൽ റയൽ ആധിപത്യം പുലർത്തി. 13-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ റയല്‍ മുന്നിലെത്തി. 18-ാം മിനിറ്റില്‍ വാൽവർഡെ റയലിന്റെ ലീഡുയര്‍ത്തി. 26-ാം മിനിറ്റിൽ മൂസ മറേഗയിലൂടെ അൽ ഹിലാൽ ഒരു ഗോൾ മടക്കി. എന്നാൽ രണ്ടാം പകുതിയിൽ 4 മിനിറ്റിനുള്ളിൽ റയൽ രണ്ട് ഗോളുകൾ നേടി മത്സരത്തിൽ വ്യക്തമായ ലീഡ് നേടി. 54-ാം മിനിറ്റിൽ ബെൻസെമയും 58-ാം മിനിറ്റിൽ വാൽവെർഡെയുമാണ് ഗോൾ നേടിയത്. 63-ാം മിനിറ്റിൽ ലൂസിയാനോ വിയറ്റോയാണ് ഹിലാലിന്‍റെ രണ്ടാം ഗോൾ നേടിയത്. 69-ാം മിനിറ്റിൽ വിനീഷ്യസാണ് റയലിന്‍റെ ഗോള്‍പട്ടിക തികച്ചത്. 79-ാം മിനിറ്റിൽ ലൂസിയാനോയാണ് അൽ ഹിലാലിന്‍റെ മൂന്നാം ഗോൾ നേടിയത്.