വാഗമണ്ണില്‍ സഞ്ചാരികളുമായി ഓഫ്‌റോഡ് സവാരി നടത്തുന്ന വാഹനങ്ങള്‍ അമിത വേഗത്തില്‍ ചീറിപ്പായുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍
ഇടുക്കി: വാഗമണ്ണില്‍ സഞ്ചാരികളുമായി ഓഫ്‌റോഡ് സവാരി നടത്തുന്ന വാഹനങ്ങള്‍ അമിത വേഗത്തില്‍ ചീറിപ്പായുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍.അപകടമുണ്ടായതിന് ശേഷം നിയന്ത്രണങ്ങളുമായി എത്തുന്ന അധികൃതരുടെ സ്ഥിരം സമീപനം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പണത്തിനായി ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കും വിധമാണ് ജീപ്പ് ഡ്രൈവര്‍മാര്‍ ഓടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്ന നിലപാടാണ് ഡ്രൈവര്‍മാര്‍ സ്വീകരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാഗമണ്ണില്‍ നിന്ന് കോട്ടമല വഴി ഉളുപ്പൂണിയില്‍ എത്തി, തിരിച്ച് വാഗമണ്ണില്‍ എത്തുന്ന ഓഫ് റോഡ് വാഹനങ്ങള്‍ വീതി കുറഞ്ഞ ഗ്രാമീണ റോഡിലൂടെയാണ് സവാരി നടത്തുന്നത്. ഈ പാതകളിലൂടെയുള്ള മരണപ്പാച്ചില്‍ പലപ്പോഴും തലനാരിഴയ്‌ക്കാണ് അപകടങ്ങള്‍ വഴിമാറുന്നത്. ഒരേ സമയം നിരവധി ജീപ്പുകളാണ് സഞ്ചാരികളെ കുത്തിനിറച്ച് ഇടുങ്ങിയ വഴിയിലൂടെ അമിത വേഗത്തില്‍ ഓടുന്നത്. എതിരേ വരുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാരുടെയും പേടി സ്വപ്‌നമാണ്.
സഞ്ചാരികളുമായുള്ള ഒരു ട്രിപ്പിന് രണ്ടായിരം രൂപ മുതലാണ് ഓഫ് റോഡ് ജീപ്പുകള്‍ ഈടാക്കുന്നത്. ഓരോ ട്രിപ്പിനും ഡ്രൈവര്‍മാര്‍ക്ക് 500 രൂപ വീതം കൂലി ലഭിക്കും. ഒരു ദിവസം നാലും അഞ്ചും ട്രിപ്പുകള്‍ നടത്തുന്നതിന് വേണ്ടിയാണ് ജീപ്പുകള്‍ മരണപ്പാച്ചില്‍ നടത്തുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. വാഗമണ്‍ മേഖലയില്‍ മിക്ക ഗ്രാമീണ റോഡുകളും മണ്‍പാതകളാണ്. വേനല്‍ക്കാലമായതോടെ റോഡ് നിറയെ പൊടിയാണ്.
ഓഫ് റോഡ് ജീപ്പുകള്‍ കടന്നുപോയി കഴിഞ്ഞാല്‍ എതിരെ വരുന്ന വാഹനങ്ങളിലെ യാത്രക്കാരും കാല്‍നടയാത്രക്കാരും പൊടി ശ്വസിച്ചുവേണം കടന്നുപോകാന്‍. ഓഫ് റോഡ് ജീപ്പ് സവാരി വാഗമണ്ണിലെ നിരവധി ഡ്രൈവര്‍മാരുടെ ജീവിതമാര്‍ഗമാണ്. എന്നാല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയുള്ള സര്‍വ്വീസ് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ജീപ്പുകളുടെ അമിത വേഗത്തിനെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വാഹനങ്ങള്‍ തടയുന്നതടക്കമുള്ള സമരങ്ങളിലേക്ക് കടക്കുമെന്ന് നാട്ടുകാരും പറഞ്ഞു.