ഇഷ്ടപ്പെട്ട യുവാവിനൊപ്പം കോടതി വിട്ടയച്ച വിദ്യാര്‍ഥിനിക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കളുടെയും സി.പി.എം പ്രാദേശിക നേതാക്കളുടെയും മര്‍ദനം
മുട്ടം: ഇഷ്ടപ്പെട്ട യുവാവിനൊപ്പം കോടതി വിട്ടയച്ച വിദ്യാര്‍ഥിനിക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കളുടെയും സി.പി.എം പ്രാദേശിക നേതാക്കളുടെയും മര്‍ദനം.സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാര്‍ക്കും മര്‍ദനമേറ്റു. വനിത പൊലീസിന്‍റെ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുകയും യുവതി എത്തിയ കാര്‍ തട്ടിക്കൊണ്ട് പോകുകയും ചെയ്തു. ഉന്നത പൊലീസ് ഇടപെടലില്‍ പിന്നീട് കാറും ഫോണും തിരികെ നല്‍കി.
ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ മുട്ടം ജില്ല കോടതിക്ക് സമീപമാണ് സംഭവം. തൊടുപുഴക്ക് സമീപം പഠിക്കുന്ന ചെറുതോണി മറിയാറന്‍കുടി സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനിക്കും മലപ്പുറം സ്വദേശിയായ യുവാവിനും സുഹൃത്തുക്കള്‍ക്കുമാണ് മര്‍ദനമേറ്റത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: നാലാം തീയതിയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി കരിങ്കുന്നം സ്റ്റേഷനില്‍ ലഭിച്ചത്.
ഫോണ്‍രേഖ പരിശോധിച്ചതില്‍നിന്ന് യുവതി മലപ്പുറത്താണെന്ന് മനസ്സിലാക്കി പൊലീസെത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതി നിര്‍ദേശപ്രകാരം ഷെല്‍റ്റര്‍ ഹോമില്‍ താമസിപ്പിച്ച യുവതിയെ ബുധനാഴ്ച ഉച്ചയോടെ വീണ്ടും കോടതിയില്‍ ഹാജരാക്കി. കോടതി യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യുവതിയെയും സുഹൃത്തുക്കളെയും സംഘടിച്ചെത്തിയവര്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് ഏതാനും പൊലീസുകാര്‍ സ്ഥലത്ത് എത്തിയെങ്കിലും തൊടുപുഴയില്‍നിന്നുള്ള പ്രാദേശിക സി.പി.എം നേതാക്കള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ഇവര്‍ക്ക് കാര്യമായി ഇടപെടാനായില്ല. തുടര്‍ന്ന് വിവിധ സ്റ്റേഷനുകളില്‍നിന്നായി തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നൂറോളം പൊലീസുകാര്‍ മുട്ടത്ത് തമ്ബടിച്ചു.
സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ ഇരുവിഭാഗത്തിലുംപെട്ട 14 പേര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. യുവതിയെയും സുഹൃത്തിനെയും വൈകീട്ട് ഏഴോടെ പൊലീസ് സുരക്ഷയില്‍ മലപ്പുറത്തേക്ക് അയച്ചു.