വിവാഹ മോചിതയായാലും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് ബോംബെ ഹൈകോടതി
മുംബൈ: വിവാഹ മോചിതയായാലും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് ബോംബെ ഹൈകോടതി.
വിവാഹ മോചിതയായ ഭാര്യക്ക് പൊലീസ് കോണ്‍സ്റ്റബ്ള്‍ പ്രതിമാസം ആറായിരം രൂപ ജീവനാംശം നല്‍കണമെന്ന സെഷന്‍സ് കോടതി ഉത്തരവ് ശരിവെച്ചാണ് ഹൈകോടതി സിംഗ്ള്‍ ബെഞ്ചിന്റെ ഉത്തരവ്.
2013 മേയിലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍, തര്‍ക്കത്തെ തുടര്‍ന്ന് ജൂലൈ മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. പിന്നീട് വിവാഹമോചനം നടത്തി. വിവാഹമോചന നടപടിക്രമങ്ങള്‍ക്കിടെ യുവതി ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ജീവനാംശം തേടി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍, കുടുംബകോടതി ഹരജി തള്ളി. ഇതേ തുടര്‍ന്നാണ് ഇവര്‍ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. വിവാഹബന്ധം നിലവിലില്ലാത്തതിനാല്‍ ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജീവനാംശം നല്‍കാന്‍ തനിക്ക് ബാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് കോടതി വിധിക്കെതിരെ ഹരജിക്കാരന്‍ ഹൈകോടതിയെ സമീപിച്ചത്. വിവാഹ മോചന സമയത്തുതന്നെ താന്‍ ജീവനാംശം മുഴുവന്‍ നല്‍കിയെന്നും അദ്ദേഹം ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ താന്‍ ജീവനാംശത്തിന് അര്‍ഹയാണെന്നാണ് സ്ത്രീ കോടതിയില്‍ വാദിച്ചത്.