ഇന്ത്യൻ വിപണിയിൽ സജീവമാകാൻ നെറ്റ്ഫ്ലിക്സ്; 16 തെലുങ്ക് ചിത്രങ്ങളുടെ അവകാശം സ്വന്തമാക്കി
ഹൈദരാബാദ്: ആഗോള ഒടിടി ഇടത്തിൽ ഒരു പ്രധാന ശക്തിയായിരുന്നിട്ടും, ഇന്ത്യയിലെത്തിയപ്പോൾ മാത്രം ഒരല്പം പിന്നോട്ട് പോവേണ്ടിവന്നിരുന്നു നെറ്റ്ഫ്ലിക്സിന്. ലോകത്തിലെ ഏറ്റവും വലിയ പ്രേക്ഷകരുള്ള ഇന്ത്യൻ വിപണിയിൽ ഇന്ത്യൻ കണ്ടന്‍റുകളുടെ അഭാവം പലപ്പോഴും നെറ്റ്ഫ്ലിക്സിനെ പിന്നിലാക്കിയിട്ടുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
ഏറ്റവും പുതിയ അപ്ഡേറ്റുകളനുസരിച്ച്, നെറ്റ്ഫ്ലിക്സ് ഇതിനൊരു പരിഹാരം കണ്ടെത്താൻ ഒരുങ്ങുകയാണ്. അതിന്‍റെ ഭാഗമായി നിലവിൽ നിർമ്മാണത്തിലിരിക്കുന്നവ ഉൾപ്പെടെ 16 തെലുങ്ക് ചിത്രങ്ങളുടെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിന്‍റെ അടുത്ത ചിത്രവും ഇതിൽ ഉൾപ്പെടുന്നു. ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ല.
മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ബോലോ ശങ്കർ നെറ്റ്ഫ്ലിക്സ് അവകാശം നേടിയ 16 ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. രവി തേജ അഭിനയിച്ച ധമാക്ക, നാനിയുടെ ദസറ, നിഖിൽ നായകനായ 18 പേജ്സ്, കല്യാൺ റാമിന്‍റെ അമിഗോസ്, വരുൺ തേജയുടെ അടുത്ത ചിത്രം എന്നിവയുൾപ്പെടെ പ്രഖ്യാപനം നടന്ന നിരവധി പ്രോജക്ടുകളുടെ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്.