കുട്ടികള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല; ദേഹ പരിശോധന വേണ്ടെന്ന് ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: പ്രത്യേക ആവശ്യങ്ങൾക്കായി രക്ഷിതാക്കളുടെ അറിവോടെ കുട്ടികൾ മൊബൈൽ ഫോണുകൾ സ്കൂളുകളിൽ എത്തിച്ചാൽ സ്കൂൾ സമയം കഴിയുന്നതുവരെ സ്വിച്ച് ഓഫ് ആക്കി സൂക്ഷിക്കാമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) നിർദ്ദേശിച്ചു. സ്കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നാണ് കമ്മിഷന്‍റെ നിലപാട്. എന്നിരുന്നാലും ദേഹ, ബാഗ് പരിശോധനകൾ കർശനമായി ഒഴിവാക്കണം, കാരണം ഇത് കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ദോഷം ചെയ്യും.
കുട്ടികൾക്ക് ബോധപൂർവ്വം സോഷ്യൽ മീഡിയ സാക്ഷരത നേടാനുള്ള അവസരങ്ങൾ നൽകണം. കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി പിളരുകയോ ചെയ്യില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു.
വടകര പുതുപ്പണം സ്വദേശി ഷാജി പി.യുടെ പരാതിയിലാണ് കമ്മിഷന്‍ അധ്യക്ഷന്‍ കെ.വി. മനോജ് കുമാര്‍, അഗംങ്ങളായ ബി. ബബിത, റെനി ആന്റണി എന്നിവരടങ്ങുന്ന ഫുള്‍ബെഞ്ചിന്റെ ഉത്തരവ്. ഷാജിയുടെ മകൻ മാതാപിതാക്കളുടെ അറിവോടെ സ്കൂളിലേക്ക് കൊണ്ടുപോയ മൊബൈൽ ഫോൺ സ്കൂൾ അധികൃതർ പിടിച്ചെടുത്തിരുന്നു. മെഡിക്കൽ വിശദാംശങ്ങൾ അടങ്ങിയ ഫോൺ വിട്ടുകിട്ടുന്നതിനായി അദ്ദേഹം കമ്മീഷനെ സമീപിച്ചു.