ഷുക്കൂര്‍ വധക്കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം വ്യാജമെന്ന് മുസ്ലീം ലീഗ്
മലപ്പുറം: അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് പി.ജയരാജനെ ഒഴിവാക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ആരോപണം മുസ്ലിം ലീഗ് തള്ളി. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരായ അഭിഭാഷകന്‍റെ ആരോപണം വ്യാജമാണെന്നും ലീഗിനെയും നേതാക്കളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
മുസ്ലിം ലീഗിനെയും നേതാക്കളെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഡാലോചനയാണിതെന്നും ഗൂഢാലോചനയുടെ കേന്ദ്രം യു.ഡി.എഫിനകത്തോ പുറത്തോ ആണോ എന്നത് അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ടെന്നും പിഎംഎ സലാം പറഞ്ഞു.
അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്താതിരിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തിയെന്ന അഭിഭാഷകൻ ടി.പി ഹരീന്ദ്രന്‍റെ വെളിപ്പെടുത്തൽ ഗുരുതരമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. ഹരീന്ദ്രനെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമെന്നും സുധാകരൻ പറഞ്ഞിരുന്നു.