ദേവികുളത്ത് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതിഉദ്ഘാടനം ചെയ്തു


ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി രവിചന്ദര്‍ സി. ആര്‍. ഉദ്ഘാടനം ചെയ്തു. ദേവികുളം കോര്‍ട്ട് കോംപ്ലക്‌സിലാണ് പോക്സോ കോടതിയുടെ പ്രവര്‍ത്തനം തുടങ്ങിയത്. തൊടുപുഴ, ഇടുക്കി, കട്ടപ്പന പോക്‌സോ കോടതികളില്‍ നിന്ന് ട്രാന്‍സ്ഫറായി വരുന്ന കേസുകള്‍ ദേവികുളത്തെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി പരിഗണിക്കും. രണ്ടാഴ്ച്ചക്കുള്ളില്‍ പ്രോസിക്യൂട്ടറുടെ സേവനം ഉള്‍പ്പെടെ സാധ്യമാക്കി കോടതിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണതോതിലാക്കും. അഞ്ച് ജീവനക്കാര്‍ കോടതിയുടെ ഭാഗമായി നിയമിതരായിട്ടുണ്ട്.
ഉദ്ഘാടന ദിവസമായ വ്യാഴാഴിച്ച 5 കേസുകള്‍ കോടതി പരിഗണിച്ചു. രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് കോടതി സമയം. മൂന്നാര്‍, മറയൂര്‍, അടിമാലി, വെള്ളത്തൂവല്‍, ദേവികുളം, ശാന്തമ്പാറ, രാജാക്കാട് തുടങ്ങിയ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പോക്‌സോ കേസുകള്‍ ദേവികുളത്തെ കോടതിയിലാകും പരിഗണിക്കുക. ദേവികുളം സബ് ജഡ്ജി ആന്റണി ഷെല്‍മാന്‍ കെ. എ. ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായി.
ദേവികുളം മുന്‍സീഫ് മജിസ്ട്രേറ്റ് ആനന്ദ് എ. ബി. മുഖ്യപ്രഭാഷണം നടത്തി. ദേവികുളം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍. സി. രാജേഷ്, പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം. എം. മാത്യു, ദേവികുളം ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ജോസഫ് എ. ജെ., അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എസ്. ബിജുകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി രവിചന്ദര്‍ സി. ആര്‍. ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നു.