പിഎം ശ്രീ പദ്ധതി: കേന്ദ്ര നിബന്ധനകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയിലേക്ക്


പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര നിബന്ധനകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയിലേക്ക്. സമാന ആരോപണങ്ങള്‍ ഉന്നയിച്ച് തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റേയും തീരുമാനം. തമിഴ്‌നാടുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് കേരളവും സുപ്രിംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. പദ്ധതിയില്‍ ചേരുന്നതില്‍ സിപിഐ എതിര്‍പ്പറിയിച്ചിരുന്നു.
ചില നിബന്ധനകളുടെ പേരില്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട തുക കേന്ദ്രം തടഞ്ഞുവച്ചുവെന്നാണ് കേരളത്തിന്റേയും തമിഴ്‌നാടിന്റേയും ആരോപണം. വിവിധ വിദ്യാഭ്യാസ പദ്ധതികളുമായി ബന്ധപ്പെട്ട് ആയിരം കോടിയിലേറെ തുക കേന്ദ്രം തടഞ്ഞുവച്ചുവെന്നാണ് സംസ്ഥാനത്തിന്റെ ആരോപണം. 2291 കോടി രൂപ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.
പിന്നാക്ക വിഭാഗങ്ങൡപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പദ്ധതി പ്രകാരമുള്ള തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കാതെ തടഞ്ഞുവയ്ക്കുന്നത് ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന നിലപാടാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും തമിഴ്‌നാട് ആരോപിച്ചിരുന്നു. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് സമഗ്ര ശിക്ഷാ ഫണ്ട് കേന്ദ്രം ഇതുവരെ അനുവദിച്ചിട്ടില്ല. ഇതിലാണ് സംസ്ഥാനങ്ങള്‍ പ്രതിഷേധമുയര്‍ത്തുന്നത്. പിഎം ശ്രീ പദ്ധതി ഈ സംസ്ഥാനങ്ങള്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല എന്നതാണ് കേന്ദ്രം അതിന് പറഞ്ഞ കാരണം.