‘മന്ത്രി അബ്ദുറഹിമാനെതിരെ നടത്തിയ പരാമർശം നാക്കു പിഴവ്’; പിൻവലിക്കുന്നതായി ഫാദർ തിയോഡോഷ്യസ്


തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാന് എതിരായ വിവാദ പരാമർശം ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ്. മന്ത്രിക്കെതിരായ പരാമർശം പിൻവലിക്കുന്നതായും ഇതു നാക്കു പിഴവാണെന്നും ഫാ. തിയോഡേഷ്യസ്. മന്ത്രിക്കെതിരെ നടത്തിയ പരാമർശം വിവാദമായ സാഹചര്യത്തിലാണ് നടപടി.പരാമർശം വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴവായി സംഭവിച്ചതാണെന്നും ഫാ. തിയോഡേഷ്യസ് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട അവസരത്തില്‍ തന്‍റെ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് ഫാ. തിയോഡേഷ്യസ് മന്ത്രി വി അബ്ദുറഹ്മാനെതിരായ വിവാദ പരാമർശം നടത്തിയത്. സംഭവത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ഫാ. തിയോഡേഷ്യസിനെതിരെ പൊലീസ് കേസെടുത്തു. മതവിദ്വേഷം വളത്താനുളള ശ്രമം, സാമുദായിക സംഘർഷത്തിനുളള ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്.