പ്രധാന വാര്‍ത്തകള്‍
മുഖ്യമന്ത്രിയും ഗവർണർക്കെതിരെ; ഉന്നതവിദ്യാഭ്യാസ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷസമരത്തിന് മുഖ്യമന്ത്രിയും. ഗവർണർക്കെതിരെ ബുധനാഴ്ച തിരുവനന്തപുരം എ.കെ.ജി ഹാളിൽ നടക്കുന്ന ഉന്നതവിദ്യാഭ്യാസ കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഗവർണറുടെ നടപടികൾക്കെതിരെ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന സമരങ്ങളുടെ തുടർച്ചയായി ഉന്നതവിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ രൂപീകരിക്കുന്നതിന്‍റെ ഭാഗമായാണ് കൺവെൻഷൻ. രാഷ്ട്രീയ സമരമല്ലാത്തതിനാലാണ് പിണറായി വിജയൻ പങ്കെടുക്കുന്നതെന്നാണ് വിശദീകരണം.
എന്നാൽ, ഈ മാസം 15ന് എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ചിൽ അദ്ദേഹം പങ്കെടുക്കില്ല. 12ന് എല്ലാ കോളേജുകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായതോടെയാണ് എൽ.ഡി.എഫ് ഗവർണർക്കെതിരെ സമരം പ്രഖ്യാപിച്ചത്.