പദ്ധതി നടത്തിപ്പിലും തുക വിനിയോഗിക്കുന്നതിലും പഞ്ചായത്തുകള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം :ജില്ലാ ആസൂത്രണ സമിതി


പദ്ധതി നടത്തിപ്പിലും തുക വിനിയോഗിക്കുന്നതിലും ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അനവദിക്കുന്ന പദ്ധതി വിഹിതം സമയബന്ധിതമായി ചെലവഴിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായി കരുതല്‍ എന്ന പേരില്‍ ജില്ലാ പഞ്ചായത്ത് പദ്ധതി ആരംഭിക്കും. പഞ്ചായത്തുകളുടെ വിഹിതം കൂടി ചേര്‍ത്താല്‍ പദ്ധതി വിജയകരമാക്കി ജില്ലയില്‍ നടത്താന്‍ സാധിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ തീരുമാന പ്രകാരം ആവശ്യമെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ സ്വകാര്യ വ്യക്തികളില്‍ നിന്നോ പദ്ധതി പൂര്‍ത്തീകരണത്തിന് പണം കടമെടുക്കാം. പദ്ധതി തുക ചെലവഴിക്കുന്നതില്‍ മുന്നിലെത്തിയ പീരുമേട്, ഉപ്പുതറ, നെടുംങ്കണ്ടം, വണ്ണപ്പുറം, ഉടുമ്പഞ്ചോല ഗ്രാമ പഞ്ചായത്തുകളെ പ്രസിഡന്റ് അഭിനന്ദിച്ചു.
നവംബര്‍ 17 ന് ജില്ലയിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് ജില്ല സന്ദര്‍ശിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. പദ്ധതി നിര്‍വഹണത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പരിഷ്‌കരിച്ച മാനദണ്ഡങ്ങള്‍ പാലിക്കണം. ഓരോ പഞ്ചായത്തുകളിലും നടന്നു കൊണ്ടിരിക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയും പുതിയതായി തുക അനുവദിച്ച പദ്ധതികളുടെ നടത്തിപ്പും യോഗത്തില്‍ അവലോകനം ചെയ്തു. കൂടാതെ 2022-23 ലെ വാര്‍ഷിക പദ്ധതികളുടെ അവലോകനവും യോഗത്തില്‍ നടത്തി. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതും നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള പദ്ധതി, ഖര മാലിന്യം സംസ്‌കരണം, കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതികള്‍, തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കണം. ഗോത്രസാരഥി പദ്ധതി, വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് സഹായം, സാമൂഹ്യ സുരക്ഷ മിഷന്‍ തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്തു.
കെട്ടിടം ഇല്ലാത്ത കുടുംബരോഗ്യ ഉപകേന്ദ്രങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കല്‍ പദ്ധതിയില്‍ അടിമാലി ഗ്രാമ പഞ്ചായത്തിലെ കൊരങ്ങാട്ടി ഉപകേന്ദ്രത്തിന് 25 ലക്ഷം രൂപ ആദ്യ ഗഡു അനുവദിച്ചിട്ടുണ്ടെന്നും യോഗത്തില്‍ അറിയിച്ചു. ജില്ലാതല തൊഴില്‍ സഭ ഉദ്ഘാടനം പാമ്പാടുംപാറ പഞ്ചായത്തില്‍ നവംബര്‍ 7 രാവിലെ 11 ന് എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍ കുമാര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ സി.വി സുനിത, രാജേന്ദ്രന്‍ സി, അഡ്വ. എം. ഭവ്യ, ഷൈനി സജി, ഇന്ദു സുധാകരന്‍, ജോസഫ് കുരുവിള, പ്രൊഫ. എംജെ ജേക്കബ്, ജോണി കുളമ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി. എം നൗഷാദ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ് തുടങ്ങി വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.