കെ എസ് ഇ ബി കട്ടപ്പന സെക്ഷനിലെ ക്യാഷ് കൗണ്ടർ സമയം വെട്ടിചുരുക്കുവാനുള്ള തീരുമാനം പിൻവലിച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയർ


കട്ടപ്പന : പ്രതിമാസം പതിനായിരത്തോളമാളുകൾ ബില്ല് അടയ്ക്കാനെത്തുന്ന കെ എസ് ഇ ബി കട്ടപ്പന സെക്ഷനിലെ ക്യാഷ് കൗണ്ടർ സമയം വെട്ടിചുരുക്കുവാനുള്ള ഉത്തരവ് പിൻവലിച്ചു. ഇത് സംബന്ധിച്ച പുതുക്കിയ ഉത്തരവ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പുറപ്പെടുവിച്ചു.ക്യാഷ് കൗണ്ടർ സമയം വെട്ടിക്കുറച്ച ഉത്തരവ് പിൻവലിച്ചു കൊണ്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ വ്യാഴാഴ്ച മറ്റൊരു ഉത്തരവിറക്കുകയായിരുന്നു.കഴിഞ്ഞ 25 മുതലാണ് രാവിലെ 9 മണി മുതൽ 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 3 വരെയുമാക്കി കൗണ്ടർ സമയം ചുരുക്കിയത്. ഉത്തരവ് പിൻവലിച്ചതോടെ വെള്ളിയാഴ്ച്ച മുതൽ ക്യാഷ് കൗണ്ടർ പഴയപടി പ്രവർത്തിക്കും.ഇടുക്കി ജില്ലയിലെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുകളിൽ ഏറ്റവും തിരക്കേറിയ ക്യാഷ് കൗണ്ടറുകളുള്ള ഓഫീസാണ് കട്ടപ്പനയിലേത്.
സമീപസെക്ഷനുകളുടെ പരിധിയിൽ വരുന്ന ഉപഭോക്‌താക്കൾ അടക്കം പ്രതിമാസം പതിനായിരത്തിനടുത്ത് ആളുകൾ ബില്ല് അടയ്ക്കുവാനെത്തുന്നതിനിടയിലാണ്
2019 ൽ പ്രതിമാസം 6000 ബില്ലുകൾ മാത്രമെത്തുന്ന സെക്ഷനുകളിലെ ക്യാഷ് കൗണ്ടർ സമയം പുനക്രമീകരിക്കണമെന്നുള്ള ബോർഡ് പുറത്തിറക്കിയ ഉത്തരവ് മറയാക്കി ഉന്നത ഉദ്യോഗസ്ഥർ കട്ടപ്പന സെക്ഷനിലെയും കൗണ്ടർ സമയം പുനക്രമീകരിച്ച് ഉത്തരവിറക്കിയത്. ഉത്തരവ് പുറപ്പെടുവിച്ചത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധം ശക്തമാക്കിയിരുന്നു.