അൻവർഷാ കാണിക്കവഞ്ചിയെടുത്തു മതിലിനു മുകളിൽ വച്ചു, സരിത പുറത്ത് കാത്തുനിന്നു; പട്ടാപ്പകൽ ക്ഷേത്രത്തിൽ മോഷണം


കുമളി • പട്ടാപ്പകൽ ബൈക്കിലെത്തിയ 2 പേർ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും ദർശനത്തിന് എത്തിയ സ്ത്രീയുടെ പഴ്സും മോഷ്ടിച്ചു കടന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇവരെ തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണം ശക്തമാക്കി. ആലപ്പുഴ സ്വദേശികളായ മുഹമ്മദ് അൻവർഷ (23), സരിത (28) എന്നിവരാണ് ഇവരെന്നു പൊലീസ് പറഞ്ഞു. കരിമ്പനിൽവച്ച് ഇവർ പൊലീസ് സംഘത്തിനു മുന്നിലെ ത്തിയെങ്കിലും വെട്ടിച്ചു മുങ്ങി.
കുമളിക്കു സമീപം വിശ്വനാഥപുരത്ത് ഭദ്രകാളിയമ്മൻ ക്ഷേത്രത്തിൽ ഇന്നലെ രാവിലെ 10 നാണു മോഷണം നടന്നത്. മോഷ്ടിക്കപ്പെട്ട പഴ്സിൽ 10,000 രൂപയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കോട്ടും ഹെൽമറ്റും ധരിച്ചു ക്ഷേത്രത്തിനു പുറത്തെത്തിയ മോഷ്ടാക്കൾ കുറെ നേരം പരിസരം വീക്ഷിച്ചു നിൽക്കുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്.
മോഷണത്തെക്കുറിച്ച് പൊലീസ് പറയുന്നത്,
ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ കയറിയ അൻവർഷാ കാണിക്കവഞ്ചിയെടുത്തു മതിലിനു മുകളിൽ വച്ചശേഷം മതിൽ ചാടി പുറത്തെത്തി. ഈ സമയത്ത് കോട്ടും, ഹെൽമറ്റും ധരിച്ചു ഷോൾഡർ ബാഗുമായി സരിത പുറത്ത് കാത്തു നിന്നു. തുടർന്നു റോഡിൽ വാഹനം ഇല്ലാത്ത സമയം നോക്കി കാണിക്കവഞ്ചി സരിതയ്ക്കു കൈമാറി.
ബൈക്കിൽ രണ്ടാളുടെയും ഇടയിൽ കാണിക്കവഞ്ചി വച്ച ശേഷം ഇവർ ബൈക്ക് ഓടിച്ചു സ്ഥലം വിട്ടു. മോഷണവിവരം വൈകാതെ അറിഞ്ഞതിനാൽ സമീപത്തെ സിസിടിവി പരിശോധിച്ചു വിവരം ശേഖരിക്കാൻ സാധിച്ചു. തുടർന്ന് എല്ലാ പൊലീസ് സ്റ്റേഷനിലും വിവരം നൽകി.