ശ്രീനാരായണ ഗുരുവിന്റെ ബുദ്ധിപരമായ നിശബ്‌ദ വിപ്ലവത്തിന്റെ തുടക്കമാണ് അരുവിപ്പുറം പ്രതിഷ്‌ഠയെന്ന് മന്ത്രി വി.എന്‍.വാസവന്‍


തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ബുദ്ധിപരമായ നിശബ്‌ദ വിപ്ലവത്തിന്റെ തുടക്കമാണ് അരുവിപ്പുറം പ്രതിഷ്‌ഠയെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.
ചെമ്ബഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ 95ാമത് ശ്രീനാരായണ ഗുരുദേവ സമാധിദിനാചരണത്തിന്റെ ഭാഗമായി നടന്ന മഹാസമാധി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമത്വത്തിന്റെ സിദ്ധാന്തമാണ് ഗുരുദേവന്‍ മുന്നോട്ടുവച്ചത്. ഉന്നതവും ഉദാത്തവുമായ സാമൂഹിക പുരോഗതിയായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളില്‍ മതാതീത ആത്മീയതയുണ്ടായിരുന്നു. ഗുരുദേവന്റെ ശിഷ്യഗണങ്ങളില്‍ പലരും വ്യത്യസ്‌ത മതങ്ങളിലും ജാതികളിലും ഉള്‍പ്പെട്ടവരായിരുന്നു. എട്ട് ആശയങ്ങള്‍ മുന്നില്‍വച്ച് സമൂഹത്തെ കൈപിടിച്ചുയര്‍ത്തിയ ഉന്നതചിന്തകളായിരുന്നു ഗുരുവിന്റേത്. ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുകയാണ്. നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ് ഗുരുദേവനെന്നും വാസവന്‍ പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ കൂടുതല്‍ ഉള്‍ക്കാഴ്‌ചയോടെ പഠിക്കണമെന്ന് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പഠിക്കുന്തോറും മൂല്യം വര്‍ദ്ധിക്കുന്നതാണ് ഗുരുദേവന്റെ ആശയങ്ങള്‍. ഇന്ന് സമൂഹം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പരിഹാരമാണ്. അനാചാരങ്ങള്‍ക്കെതിരായ ഊര്‍ജസ്രോതസാണ് ഗുരു. ശക്തമായ സാമൂഹിക ഇടപെടല്‍ നടത്തിയ വിപ്ലവകാരി കൂടിയാണ് അദ്ദേഹം. മനുഷ്യന്റെ ജീവിതത്തെ ശാസ്‌ത്രീയമായി ഗുരുദേവന്‍ സമീപിച്ചത് അത്ഭുതകരമാണ്. ഗുരുവിന്റെ വ്യക്തി-പരിസര ശുചിത്വ വീക്ഷണങ്ങള്‍ പ്രസക്തമാണ്. സ്വാര്‍ത്ഥ ചിന്തയോടെ ഗുരുദേവ ദര്‍ശനങ്ങളെ വ്യാഖ്യാനിക്കരുതെന്നും ചിഞ്ചുറാണി പറഞ്ഞു.
മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡംഗം കെ.പി.ശങ്കരദാസ്, നഗരസഭ കൗണ്‍സിലര്‍ ചെമ്ബഴന്തി ഉദയന്‍, പാറശാല എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി ചൂഴാല്‍ നിര്‍മ്മലന്‍, ചെമ്ബഴന്തി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അണിയൂര്‍ എം.പ്രസന്നകുമാര്‍, ചെമ്ബഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണസംഘം പ്രസിഡന്റ് ജയകുമാര്‍, ഷൈജു പവിത്രന്‍, പ്രൊഫ.എം.ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
മഹാഗണപതി ഹവനത്തോടെയാണ് മഹാസമാധി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. വിശേഷാല്‍ പൂജകള്‍, ഉപവാസ-പ്രാര്‍ത്ഥന യജ്ഞം, അന്നദാനം, മഹാസമാധി പൂജ എന്നിവ നടന്നു.