വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന നിശ്ചയദാര്‍ഢ്യത്തിന്റെ മാതൃക
വികസന പ്രവര്‍ത്തനങ്ങളിലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ജനങ്ങള്‍ക്കൊപ്പം നിന്ന നിശ്ചയദാര്‍ഢ്യത്തിന്റെ മാതൃകയായ ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഇനി പുതിയ കര്‍മ്മപഥത്തിലേക്ക്. 2021 ജൂലൈയില്‍ ജില്ലാ വികസന കമ്മീഷണറായി ഇടുക്കിയിലെത്തിയ ഇടുക്കിക്കാരനായ അര്‍ജുന്‍ പാണ്ഡ്യനെ ഹൃദയംകൊണ്ടാണ് ഇടുക്കിക്കാര്‍ സ്വീകരിച്ചത്. ഹൈറേഞ്ചില്‍നിന്നുള്ള ആദ്യ ഐ.എ.എസുകാരന്‍, ജില്ലയുടെ വികസന കുതിപ്പിന് പുത്തന്‍ ഉണര്‍വ് നല്‍കി നിശ്ചയദാര്‍ഢ്യത്തോടെ അദ്ദേഹം പ്രവര്‍ത്തിച്ചു.
ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറായി സ്ഥലം മാറി പോകുമ്പോള്‍ തന്റെ ഉത്തരാവാദിത്വങ്ങളില്‍ 100% നീതി പുലര്‍ത്തിയെന്ന വിശ്വാസത്തോടെയാണ് ജില്ലയില്‍ നിന്നുള്ള മടക്കം.
ഇടുക്കി മെഡിക്കല്‍ കോളേജ് സ്പെഷ്യല്‍ ഓഫിസര്‍ എന്ന നിലയില്‍ ആശുപത്രി വികസനത്തിനായി അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. മെഡിക്കല്‍ കോളേജിന്റെ അംഗീകരത്തിനായി രണ്ടാഴ്ചയിലൊരിക്കല്‍ അവലോകന യോഗങ്ങള്‍ വിളിച്ചു, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ഇടുക്കിയില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതിന്റെ സംതൃപ്തിയിലാണ് അദ്ദേഹവും ഇടുക്കി ജനതയാകെയും. അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയില്‍ ഇടുക്കിക്കാര്‍ അഭിമാനിക്കുന്നു.
ഏറെ പ്രതിസന്ധിയിലായിരുന്ന പീരുമേട് താലൂക്ക് ആശുപത്രിയിലെ വികസനപ്രവര്‍ത്തികള്‍ ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരണത്തിലേക്കെത്തിക്കുന്നതില്‍ അദ്ദേഹത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ട്. തോട്ടം മേഖലയിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ പീരുമേട് താലൂക്ക് ആശുപത്രിയുടെ വികസനം ആവശ്യമായിരുന്നു. വാഴൂര്‍ സോമന്‍ എംഎല്‍എയുടെയും ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെയും നേതൃത്വത്തില്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത അവലോകന യോഗങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തികള്‍ കൂടുതല്‍ ഊര്‍ജിതമാക്കി. ഏലപ്പാറ പിഎച്ച്സിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലെത്തിക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃപാടവത്തിന് കഴിഞ്ഞു. കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ വഴി തുറന്നു.
വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പ് സ്പെഷ്യല്‍ ഓഫിസര്‍ കൂടിയായിരുന്നു അദ്ദേഹം. വാഴൂര്‍ സോമന്‍ എംഎല്‍എയുടെ കടുത്ത നിര്‍ദേശത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ എയര്‍സ്ട്രിപ്പ് സ്പെഷ്യല്‍ ഓഫിസറായി നിയമിച്ചത്. വൈകാതെ ഇവിടെ ആദ്യഘട്ടപരിശീലനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതില്‍ അദേഹം നേതൃത്വം നല്‍കിയിരുന്നു.
ടൂറിസം വികസനത്തിന്റെ അനന്ത സാധ്യതകളിലേക്ക് വാതില്‍ തുറന്ന് പെരിയാര്‍ നദിയിലെ അയ്യപ്പന്‍കോവിലില്‍ കയാക്കിങ് സാഹസികയാത്രയ്ക്ക് തുടക്കം കുറിച്ചതും അര്‍ജുന്‍ പാണ്ഡ്യന്റെ ആശയമായിരുന്നു. ഇടുക്കി പാക്കേജില്‍ കായികരംഗത്തേക്ക് മാത്രമായി പ്രത്യേക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
തോട്ടം തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും അദ്ദേഹം ശ്രദ്ധ പുലര്‍ത്തി. ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ തോട്ടം ഉടമകളുടെയും യൂണിയന്‍ നേതാക്കളുടെയും യോഗം വിളിച്ചു ചേര്‍ക്കുകയും ലയങ്ങള്‍ സന്ദര്‍ശിക്കുകയും വേണ്ട നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുകയും ഉള്‍പ്പെടെ ചെയ്തു എല്ലാ വിഭാഗം ആളുകള്‍ക്ക് വേണ്ടിയും അദ്ദേഹം നിലകൊണ്ടു. തോട്ടം മേഖലയിലെ സാധാരണ കുട്ടികള്‍ പഠിക്കുന്ന ഏലപ്പാറ സ്‌കൂള്‍ ഉള്‍പ്പെടെ വിവിധ സ്‌കൂളുകളില്‍ സ്പോര്‍ട്സ് കിറ്റ് എത്തിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തി. കൊക്കയാര്‍ ദുരന്തമുണ്ടായപ്പോള്‍ മഴയെ വകവയ്ക്കാതെ നടത്തിയ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരന്ത ഭൂമിയില്‍ അദ്ദേഹവും നേതൃനിരയില്‍ ഉണ്ടായിരുന്നു.
ഇടുക്കിയിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കാനായി ജില്ലാ പഞ്ചായത്തുമായി സഹകരിച്ചു നൂതന പദ്ധതി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കട്ടപ്പന സര്‍ക്കാര്‍ കോളേജില്‍ സിവില്‍ സര്‍വ്വീസ് അക്കാദമിയ്ക്കായുള്ള സൗകര്യങ്ങളുടെ ഒരുക്കം അവസാനഘട്ടത്തിലാണ്.
സമുദ്ര നിരപ്പില്‍ നിന്നും 5,760 മീറ്റര്‍ (18897.64 അടി) ഉയരത്തിലുള്ള ഉത്തരാഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ-2 (ഡി കെ ഡി -2) എന്ന കൊടുമുടി കീഴടക്കി സാഹസിക പര്‍വ്വതാരോഹണത്തിലും അദ്ദേഹം തന്റെ പാദമുദ്ര പതിപ്പിച്ചു. ഉത്തരകാശിയിലെ എന്‍.ഐ.എം-ല്‍ നിന്നുള്ള അഡ്വാന്‍സ്ഡ് മൗണ്ടനിയറിംഗ് കോഴ്സിന്റെ ഭാഗമായാണ് അദ്ദേഹം കൊടുമുടി കയറിയത്.
ഇടുക്കി ഹൈറേഞ്ചില്‍ ജീവിതം ആരംഭിച്ച് സിവില്‍ സര്‍വീസ് എത്തിപ്പിടിച്ച അര്‍ജുന്‍ പാണ്ഡ്യന്‍ ഇടുക്കിക്കാര്‍ക്ക് ഏറെ പ്രിയങ്കരനും ആവേശവുമാണ്. 2016 ല്‍ ഐഎഎസ് നേടി. 2019 ല്‍ ഒറ്റപ്പാലം സബ് കലക്ടര്‍ ആയി ചുമതലയേറ്റു. മാനന്തവാടി സബ് കലക്ടര്‍ ആയിരിക്കെയാണ് സ്വന്തം ജില്ലയില്‍ തന്നെ വികസന കമ്മീഷണറായി ചുമതലയേറ്റെടുക്കുന്നത്. ജില്ലാ വികസന കമ്മീഷണര്‍ ആയി ചാര്‍ജ് എടുക്കുമ്പോള്‍ ''വികസന പ്രശ്നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് അവരെ വിശ്വാസത്തിലെടുത്തു പ്രവര്‍ത്തിക്കാനാണ് ഇഷ്ടം'' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 100% നീതി പുലര്‍ത്തി വികസന പ്രശ്നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് പ്രവര്‍ത്തിച്ചാണ് അദ്ദേഹം ഇന്ന് വികസന കമ്മീഷണര്‍ സ്ഥാനം ഒഴിഞ്ഞ് പുതിയ കര്‍മ്മപഥത്തില്‍ പോകുന്നത്.