ചേലച്ചുവട് കത്തിപ്പുറത്തടം യാക്കോബായ പള്ളിയുടെ സംരക്ഷണഭിത്തി ഇടിഞ്ഞു
ചെറുതോണി: ചേലച്ചുവട് കത്തിപ്പുറത്തടം യാക്കോബായ പള്ളിയുടെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷമായി കത്തിപ്പാറ യാക്കോബായ പള്ളിയുടെ സമീപത്തു താമസിക്കുന്ന ലിനീഷ് വിഹാറില്‍ മുരുളി, മിനി ദമ്ബതികള്‍ ആശങ്കയോടെയാണ് കഴിഞ്ഞുകൂടുന്നത്.
പള്ളിയിലേക്ക് പ്രവേശിക്കുന്ന നട ഉള്‍പ്പെടുന്ന സംരക്ഷണഭിത്തി അപകടഭീതി ഉയര്‍ത്തുന്നതായി ഇവര്‍ പറയുന്നു. സംരക്ഷണ ഭിത്തിയോടുചേര്‍ന്ന വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. കഴിഞ്ഞ രാത്രി സംരക്ഷണഭിത്തി ഭാഗികമായി ഇടിഞ്ഞു.ബാക്കിവരുന്ന ഭാഗം ഏതുനിമിഷവും ഇടിയാവുന്ന അവസ്‌ഥയിലാണ്. ആകെ 5 സെന്റില്‍ സ്‌ഥലത്താണ് ഈ കുടുംബം താമസിക്കുന്നത്.വീട്ടമ്മയായ മിനി തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചികിത്സയിലാണ് .ഭര്‍ത്താവ് മുരളി ഹൃദ്രോഗിയും. കഞ്ഞിക്കുഴി പോലീസിലും പഞ്ചായത്തിലും വില്ലേജിലും ഉള്‍പ്പെടെ പ്രശ്‌നത്തിന് പരിഹാരം തേടി പരാതി നല്‌കിയെങ്കിലും നടപടി ഉണ്ടായില്ല.മഴ തുടരുന്നതിനാല്‍ ഏതുനിമിഷവും ഈ സംരക്ഷണഭിത്തി പൂര്‍ണമായും തകര്‍ന്നുവീഴാവുന്ന സാഹചര്യമാണ്. ഈ കുടുംബത്തെ മാറ്റി താമസിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.