ഉമ തോമസിന്റെ സത്യപ്രതിജ്ഞ ഈ മാസം 15 ന്
തൃക്കാക്കര : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് ഈ മാസം 15ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങ് ജൂൺ 15ന് രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേംബറിൽ നടക്കും. 72,767 വോട്ടുകൾക്കാണ് ഉമ തോമസ് വിജയിച്ചത്. 2021ൽ 59,839 വോട്ടുകളാണ് പി ടി തോമസ് നേടിയത്. 2021ൽ നേടിയതിനേക്കാൾ 12,928 വോട്ടുകൾ കൂടുതലാണ് ഇപ്പോൾ യുഡിഎഫിനുള്ളത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ തൃക്കാക്കര എംഎൽഎ ഉമാ തോമസ് മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നു. കളളത്തരങ്ങള്‍ ചെയ്യുന്നൊരാളെ നമുക്ക് വേണ്ട. ഇതിനെതിരെ ജനങ്ങൾ പ്രതിഷേധിക്കും. മുഖ്യമന്ത്രിയെ തെരുവിലിറക്കും. ജയിലിൽ പോകുന്ന ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി വിജയനെന്നും ഉമാ തോമസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി എറണാകുളം കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉമാ തോമസ്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫ് 47,752 വോട്ടുകൾ നേടി. കഴിഞ്ഞ തവണ 45,510 വോട്ടുകളാണ് ഇടത് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. ഇടത് വോട്ടുകളിൽ 2242 വോട്ടിന്റെ വർദ്ധനവുണ്ടായി. ബി.ജെ.പിയുടെ എ.എൻ രാധാകൃഷ്ണൻ 12,955 വോട്ടുകൾ നേടി. കഴിഞ്ഞ തവണ 15,483 വോട്ടുകളാണ് ബിജെപി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ തൃക്കാക്കരയിൽ ബിജെപിക്ക് 2528 വോട്ടുകൾ നഷ്ടമായി.