സമൂഹ മാധ്യമങ്ങള്‍ക്ക് പൂട്ടിടാന്‍ പ്രത്യേക നിരീക്ഷണ സമിതി:കേന്ദ്ര സര്‍ക്കാര്‍
സമൂഹ മാധ്യമങ്ങള്‍ക്ക് പൂട്ടിടാന്‍ പ്രത്യേക നിരീക്ഷണ സമിതിക്ക് രൂപം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.സമൂഹ മാധ്യമ (social media ) ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ ഈ സമിതിക്ക് അധികാരം ഉണ്ടാകും.
ഇതിനായി ഐ.ടി ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരാനും കേന്ദ്രം തീരുമാനിച്ചു.
സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ഐ.ടി ചട്ടങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചട്ടങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരും സമൂഹ മാധ്യമ കമ്ബനികളും കോടതികളില്‍ ഏറ്റുമുട്ടി.
ചില ഹൈക്കോടതികള്‍ ഐ.ടി ചട്ടങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ഉത്തരവിറക്കി. ഇതോടെ പാളിപ്പോയ നീക്കങ്ങള്‍ വീണ്ടും പൊടിതട്ടിയെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഒരു സമിതിക്ക് രൂപം നല്‍കാനാണ് ഇപ്പോഴത്തെ നീക്കം.
ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാനും നീക്കം ചെയ്തില്ലെങ്കില്‍ സമൂഹ മാധ്യമ കമ്ബനിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാനും ഈ സമിതിക്ക് അധികാരനുണ്ടാകും. ഇതിനായി 2021ലെ ഐ.ടി ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം. സമൂഹ മാധ്യമ നിയന്ത്രണത്തിന് 10 നിര്‍ദ്ദേശങ്ങളാണ് പുതുതായി കൊണ്ടുവരാന്‍ പോകുന്നത്.
നിസാമുദ്ദീനിലെ തബ്ലിക് ജമാഅത്താണ് രാജ്യത്ത് കൊവിഡ് പരത്തിയത് എന്ന സമൂഹ മാധ്യമ റിപ്പോര്‍ട്ടുകള്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ ഇത്തരം വ്യാജ റിപ്പോര്‍ട്ടുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് പദ്ധതിയില്ലേ എന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ചോദിച്ചിരുന്നു.
സുപ്രീംകോടതി പരാമര്‍ശത്തിന്‍റെ കൂടി ചുവടുപിടിച്ചാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ക്ക് വിലങ്ങിടാന്‍ കേന്ദ്രത്തിന്‍റെ പുതിയ നീക്കം.അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കി മാത്രമാകും നിയന്ത്രണങ്ങളെന്ന് കേന്ദ്രം സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്ബോഴും സമൂഹ മാധ്യമങ്ങളിലെ എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കമെന്ന വിമര്‍ശനമാണ് ഉയരുന്നത്. അതിനാല്‍ ഐ.ടി ചട്ടങ്ങളിലെ നിയമതര്‍ക്കങ്ങള്‍ തുടരാന്‍ തന്നെയാണ് സാധ്യത.