ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അഞ്ചംഗ സംഘം പൊലീസ് പിടിയില്‍
ഹരിപ്പാട്: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അഞ്ചംഗ സംഘം പൊലീസ് പിടിയില്‍. ചിങ്ങോലി കാവില്‍പ്പടിക്കല്‍ ക്ഷേത്രം, ഏവൂര്‍ കണ്ണമ്ബള്ളില്‍ ദേവീ ക്ഷേത്രം എന്നിവിടങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ടാണ് ഇവരെ കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ പത്തോളം മോഷണ കേസുകളില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആലപ്പുഴ തുമ്ബോളിയില്‍ താമസിച്ചു വരികയായിരുന്ന കോട്ടയം പൂവരണി കൊട്ടയ്ക്കാട്ട് വീട്ടില്‍ ജോയ് എന്ന ജോസഫ് (54), ആലപ്പുഴ കലവൂര്‍ പള്ളിപ്പറമ്ബില്‍ വീട്ടില്‍ സെബാനെന്ന് വിളിക്കുന്ന സെബാസ്റ്റ്യന്‍ (32), അടിമാലി മാന്നാംക്കണ്ടം മംഗലത്ത് വീട്ടില്‍ രമേശ് (27), അടിമാലി മാന്നാംക്കണ്ടം നന്ദനം വീട്ടില്‍ വിഷ്ണു (30), പത്തനംതിട്ട ഓമല്ലൂര്‍ വാഴമുട്ടം നെല്ലിക്കുന്നേല്‍ വീട്ടില്‍ അമ്ബി എന്ന ഗിരീഷ് (51) എന്നിവരെയാണ് കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്.
കഴിഞ്ഞ രണ്ടര വര്‍ഷമായി തൃശൂര്‍ മുതല്‍ കൊല്ലം വരെ വിവിധ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും കടകളിലും മോഷണം നടത്തിയിട്ടുള്ളതായി സംഘം സമ്മതിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. പല സംഭവങ്ങളിലും പരാതിയില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. കരീലകുളങ്ങര രാമപുരം ക്ഷേത്രത്തിലെ മോഷണശ്രമത്തിലും ഈ സംഘമാണ്.
ഒന്നാം പ്രതിയായ പൂവരണി ജോയ് കുപ്രസിദ്ധ അമ്ബലമോഷ്ടാവാണ്. കോട്ടയം സ്വദേശിയായ ഇയാള്‍ നൂറിലധികം അമ്ബല മോഷണകേസുകളില്‍ പ്രതിയാണ്. 2017ല്‍ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം ആലപ്പുഴ വാടക്കല്‍, തുമ്ബോളി ഭാഗങ്ങളില്‍ താമസിച്ചു മത്സ്യകച്ചവടം നടത്തി വരികയായിരുന്നു. 2020 മുതല്‍ വീണ്ടും മോഷണങ്ങള്‍ ചെയ്യാനാരംഭിച്ചു.
ആലപ്പുഴ കാട്ടൂര്‍ സ്വദേശിയായ സെബാസ്റ്റ്യന്‍ വളവനാട് വെട്ടുകേസുകളടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. ഇടുക്കി അടിമാലി പടിക്കുപ്പ സ്വദേശിയായ രമേശ് നേരത്തെ കോതമംഗലം പൊലീസ് സ്റ്റേഷനില്‍ മോഷണശ്രമകേസില്‍ പിടിയിലായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇടുക്കി കല്ലാര്‍ പെട്ടിമുടി സ്വദേശിയായ വിഷ്ണു രമേശിനോടൊപ്പം വെല്‍ഡിങ് ജോലികള്‍ ചെയ്തു വരുന്നയാളാണ്. പത്തനംതിട്ട വാഴമുട്ടം സ്വദേശിയായ അമ്ബി ഗിരീഷ് മോഷണ സ്വര്‍ണം ഉരുക്കി മോഷ്ടാക്കള്‍ക്ക് വിറ്റു നല്‍കിയ കേസില്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ പ്രതികള്‍ എല്ലാവരും ചേര്‍ന്നോ ഒറ്റക്കോ ഒക്കെയായി സ്ഥിരമായി മോഷണങ്ങള്‍ നടത്തി വരികയായിരുന്നു. അതിനായി ഇരുചക്രവാഹനങ്ങള്‍, കാര്‍, പിക്കപ്പ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കും. മോഷണത്തിന് പോകുമ്ബോഴോ ഇവര്‍ പരസ്പരമോ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാറില്ല. മോഷണത്തിന് ശേഷം കിട്ടുന്ന പണം തുല്യമായി വീതിച്ച ശേഷം പിരിയുന്നു. പിന്നീട് സ്വര്‍ണം വിറ്റു കിട്ടുന്ന പണവും വീതിച്ചെടുക്കും.
ഏവൂര്‍ കണ്ണമ്ബള്ളിയില്‍ ക്ഷേത്രത്തിലെ മോഷണത്തിനു ശേഷം ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചത്. കരീലകുളങ്ങര സി.ഐ സുധിലാല്‍ എസ്.ഐമാരായ ഷെഫീഖ്, മുജീബ്, എ.എസ്.ഐ പ്രദീപ് പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ് എസ്.ആര്‍, മണിക്കുട്ടന്‍, ഇല്യാസ് ഇബ്രാഹിം, നിഷാദ്, ദീപക്, ഷാജഹാന്‍,ഷെമീര്‍, ശ്യാം, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.