കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി..


തിരുവനന്തപുരം: ദേശീയ പാതയില്‍ പള്ളിച്ചല്‍ പാരൂര്‍ക്കുഴിക്ക് സമീപം കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്.
ഇടിയുടെ ആഘാതത്തില്‍ ഒരു വശം ചരിഞ്ഞുപോയെങ്കിലും ഭിത്തിയിലും നടപ്പാതയുടെ കൈവരിയിലും തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 11 ന് തമ്ബാനൂരില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പുറപ്പെട്ട നെയ്യാറ്റിന്‍കര ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.
മഴയില്‍ റോഡില്‍ നിന്ന് തെന്നി മാറിയ ബസ് ഇലക്‌ട്രിക് പോസ്റ്റ് തകര്‍ത്ത് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബസ് ഡ്രൈവര്‍ അമരവിള സ്വദേശി വിനോദ് കുമാറിനും മറ്റ് ഏഴുപേര്‍ക്കുമാണ് പരിക്കേറ്റത്. ആകെ 22 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ആറ് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു.
മഴ പെയ്തുകൊണ്ടിരിക്കുമ്ബോഴാണ് അപകടം. ശബ്ദം കേട്ടെത്തിയ നാട്ടുകാരും വഴിയാത്രകാരുമാണ് ബസില്‍ കുടുങ്ങി കിടന്നവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ആംബുലന്‍സുകളില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമായി മാറ്റി.