കുട്ടി ശാസ്ത്രജ്ഞരുടെ പരീക്ഷണ വേദിയായി പൊതുവിദ്യാഭ്യാസ വകുപ്പ്, എൻ്റെ കേരളം പ്രദർശന മേള സ്റ്റാൾ
പൊതുവിദ്യാഭ്യാസ വകുപ്പ് ഇടുക്കി, വാഴത്തോപ്പ് ജി വി എച്ച് എസ് സ്കൂൾ മൈതാനിയിലെ എൻ്റെ കേരളം പ്രദർശന നഗരിയിൽ ഒരുക്കിയ സ്റ്റാൾ നാളെയുടെ പ്രതിക്ഷയായ കുട്ടിശാസ്ത്രജ്ഞരുടെ പരീക്ഷണ വേദിയും വർക്കിംഗ് മോഡലുകളുടെ പ്രദർശന ഇടവുമായി. പീരുമേട് സബ് ജില്ലക്കു കീഴിൽ പ്രവർത്തിക്കുന്ന കുമളി ഗവ. ട്രൈബൽ യു പി സ്കൂളിൽ നിന്നും പാമ്പനാർ ഗവൺമെൻ്റ് ഹൈസ്കൂളിൽ നിന്നുമായിരുന്നു പരീക്ഷണങ്ങളും വർക്കിംഗ് മോഡലുകളുമായി കുട്ടികൾ സ്റ്റാളിലെത്തിയത്.
കുമളി ഗവ.ട്രൈബൽ യു പി സ്കൂളിലെ കുട്ടികൾ ശാസ്ത്രദിനത്തോടനുബന്ധിച്ച് 116 പരീക്ഷണങ്ങൾ ഒറ്റ വേദിയിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ഇതിൽ നിന്നും തിരഞ്ഞെടുത്ത 20 പരീക്ഷണങ്ങൾക്കായിരുന്നു കുട്ടികൾ എൻ്റെ കേരളം സ്റ്റാളിൽ അവസരമൊരുക്കിയത്. ട്രാവലിംഗ് വാട്ടർ എക്സ്പിരിമെൻ്റ്, പാതാള കിണർ, ഹിപ്പ് നോടൈസ് കുപ്പി തുടങ്ങി കുട്ടികൾ അവതരിപ്പിച്ച പരീക്ഷണങ്ങൾ വ്യത്യസ്തത നിറഞ്ഞതായി. രണ്ട് വീഡിയോകളുടെ പ്രദർശനവും കുട്ടികൾ തങ്ങളുടെ പ്രവർത്തനത്തിൻ്റെ ഭാഗമായി ഒരുക്കിയിരുന്നു. എ ഇ ഒ സുഗതൻ വി എസ്, സ്കൂൾ ഹെഡ്മാസ്റ്റർ പ്രിൻസി സി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുമളി ഗവ. ട്രൈബൽ യു പി സ്കൂളിലെ 4,5,6 ക്ലാസുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പരീക്ഷണ പ്രദർശനത്തിനായി എത്തിയത്.
കുത്തോലകം, ജലറോക്കറ്റ്, ഹൈഡ്രോളിക് പമ്പ്, വാട്ടർ പമ്പ് തുടങ്ങി നാല് കൗതുകമുണർത്തുന്ന വർക്കിംഗ് മോഡലുകളുമായിട്ടായിരുന്നു പാമ്പനാർ ഗവൺമെൻ്റ് ഹൈസ്ക്കൂളിലെ 5 കുട്ടികളും അധ്യാപകനായ സി ആനന്ദും പ്രദർശന സ്റ്റാളിൽ തങ്ങളുടെ സാന്നിധ്യമറിയിച്ചത്. തങ്ങളുടെ കുട്ടി പരീക്ഷണത്തിൻ്റെ വിദ്യകൾ കുട്ടികൾ കാഴ്ച്ചകാർക്ക് മുമ്പിൽ അവതരിപ്പിച്ചു.
അറക്കുളം ബി ആർ സി യുടെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ഉണർവ്വ് 2022 എന്ന ലഘുലേഖയുടെ പ്രകാശനവും ഇതോടൊപ്പം നടത്തി. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം നൗഷാദ് റ്റി ഇക്ക് ലഘുലേഖ കൈമാറി പ്രകാശന ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അറക്കുളം ബി ആർ സി ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ സിനി സെബാസ്റ്റ്യൻ ചടങ്ങിൽ സംബന്ധിച്ചു.