രാജ്യാന്തര വിപണിയിൽ ഗോതമ്പിന്റെ ലഭ്യതയിൽ കുറവ് ; ഉൽപാദനവും സംഭരണവും വർധിപ്പിക്കാൻ ഇന്ത്യ..
യുക്രെയ്‍നിലെ റഷ്യൻ അധിനിവേശത്തിനു പിന്നാലെ, രാജ്യാന്തര വിപണിയിൽ ഗോതമ്പിന്റെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായതോടെ ഗോതമ്പ് ഉൽപാദനവും സംഭരണവും വൻതോതിൽ വർധിപ്പിക്കാൻ ഇന്ത്യ. ലോകത്ത് കയറ്റുമതി ചെയ്യപ്പെടുന്ന ഗോതമ്പിന്റെ മൂന്നിലൊന്നും എത്തുന്നത് റഷ്യയിൽനിന്നും യുക്രെയ്‌നിൽ നിന്നുമാണ്. സൺഫ്ലവർ ഓയിൽ, ബാർലി, ചോളം തുടങ്ങിയവയുടെയെല്ലാം പ്രധാന കയറ്റുമതി ഈ രണ്ടു രാജ്യങ്ങളിൽനിന്നാണ്.
റഷ്യയിൽനിന്നും യുക്രെയ്നിൽനിന്നുമുള്ള കയറ്റുമതി ഏതാണ്ട് നിലച്ചതോടെ ഭക്ഷ്യപ്രതിസന്ധി മറികടക്കാൻ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള ഗോതമ്പ് ഉൽപാദക രാജ്യങ്ങൾ നീക്കം തുടങ്ങിയിരുന്നു. ഗോതമ്പ് ഉൽപാദനത്തിലും സംഭരണത്തിലും 2022–23 വര്‍ഷത്തെ റാബി സീസണില്‍ രാജ്യം സര്‍വകാല നേട്ടമുണ്ടാക്കിയതായി കേന്ദ്ര ഭക്ഷ്യ–പൊതുവിതരണ മന്ത്രാലയം അറിയിച്ചു.
ഏപ്രിൽ 17 വരെ 13,000 കോടി രൂപയ്ക്ക് 69.24 ലക്ഷം മെട്രിക് ടൺ ഗോതമ്പ് സംഭരിച്ചതായി കേന്ദ്രം അറിയിച്ചു. മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഗോതമ്പ് സംഭരണം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. 5.86 ലക്ഷം കർഷകർക്ക് ഈ സീസണിലെ ഗോതമ്പ് സംഭരണത്തിൽനിന്ന് ഇതുവരെ പ്രയോജനം ലഭിച്ചു.
യുക്രെയ്‌ൻ യുദ്ധത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ഭക്ഷ്യക്ഷാമം രൂക്ഷമായത്. ഗോതമ്പിനായി യുക്രെയ്‌നെയും റഷ്യയെയും ആശ്രയിക്കുന്ന രാജ്യങ്ങൾ ബദൽ മാർഗങ്ങൾ തേടുകയാണ്. അടുത്തിടെ യുക്രെയ്‍നിൽനിന്നും റഷ്യയിൽനിന്നും ഗോതമ്പ് ഇറക്കുമതി ചെയ്തിരുന്ന ഈജിപ്‌ത്, 1 ദശലക്ഷം ടൺ ഗോതമ്പ് ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യാൻ തയാറായി. തുർക്കിയും ഇറാനുമടക്കമുള്ള രാജ്യങ്ങൾ ഇന്ത്യൻ ഗോതമ്പ് വാങ്ങാൻ മുന്നോട്ടു വന്നതോടുകൂടിയാണു ഗോതമ്പിന്റെ ആഭ്യന്തര ഉൽപാദനവും സംഭരണവും വർധിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്.
2017 നും 2021 നും ഇടയിൽ റഷ്യ 181 ദശലക്ഷം ടൺ ഗോതമ്പും യുക്രെയ്ൻ 91 ദശലക്ഷം ടൺ ഗോതമ്പും കയറ്റുമതി ചെയ്തപ്പോൾ ഇന്ത്യ അതിന്റെ ഉൽപാദനത്തിന്റെ ഒരു ചെറിയ ഭാഗം അതായത് 12.6 മെട്രിക് ടണ്‍ മാത്രമാണ് കയറ്റുമതി ചെയ്തത്. ഏകദേശം 107.59 ദശലക്ഷം ടൺ ഗോതമ്പ് ആണ് ഇന്ത്യ ഉൽപാദിപ്പിക്കുന്നത്. ഏകദേശം 80% ഗോതമ്പും ആഭ്യന്തര ഉപഭോഗത്തിനായി ഉപയോഗിക്കുകയും ബാക്കി സംഭരിക്കുകയും ചെയ്യുന്നു. ഈ വർഷം മുതൽ കയറ്റുമതി ഗണ്യമായി വർധിപ്പിക്കാനാണ് തീരുമാനം.
2022 ഏപ്രിൽ 1ലെ കണക്കനുസരിച്ച്, സെൻട്രൽ പൂളിലെ ഗോതമ്പ് സ്റ്റോക്ക് 189.8 മെട്രിക് ടൺ ആയിരുന്നു. ഇത് പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ കരുതൽ ശേഖരത്തിന് ആവശ്യമായ 74.60 മെട്രിക് ടണ്ണിന്റെ 2.5 ഇരട്ടിയാണ്. യുക്രെയ്‌ൻ യുദ്ധത്തോടെ രാജ്യാന്തര വിപണിയിൽ ഗോതമ്പിന്റെ ആവശ്യകതയും കുത്തനെ ഉയർന്നു. 2022-23ൽ 10 ദശലക്ഷം ടൺ ഗോതമ്പ് കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2021-22 ൽ ഇന്ത്യ 7 ദശലക്ഷം ടൺ ഗോതമ്പ് കയറ്റുമതി ചെയ്തു. മൊത്തം കയറ്റുമതിയുടെ 50% ഗോതമ്പും കഴിഞ്ഞ സാമ്പത്തിക വർഷം ബംഗ്ലദേശിലേക്കാണ് കയറ്റുമതി ചെയ്തത്.