സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന ദിനത്തില്‍ പഠിതാക്കളെയുംഇന്‍സ്ട്രക്ടര്‍മാരെയും വീടുകളിലെത്തി ആദരിച്ചു


സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പഠിതാക്കളെയും ഇന്‍സ്ട്രക്ടര്‍മാരെയും ജില്ലാ സാക്ഷരതാ മിഷന്‍ വീടുകളിലെത്തി ആദരിച്ചു. വാഴത്തോപ്പ് കൊലുമ്പന്‍ കോളനിയില്‍ മുതിര്‍ന്ന സാക്ഷരതാ പഠിതാവ് തേനന്‍ ഭാസ്‌കരന്റെ വീട്ടില്‍ നടത്തിയ സമ്പൂര്‍ണ്ണ സാക്ഷരതാ ദിനാചരണ ചടങ്ങ് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഇ ടി നൗഷാദ് അധ്യക്ഷനായിരുന്നു.
ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വാഴത്തോപ്പ് കൊലുമ്പന്‍ കോളനിയിലെ മുതിര്‍ന്ന പഠിതാക്കളെയും ഇന്‍സ്ട്രക്ടര്‍മാരെയും ആദരിച്ചു. മുതിര്‍ന്ന സാക്ഷരതാ പഠിതാവ് തേനന്‍ ഭാസ്‌കരന്‍ കാണി, രാജമ്മ ടി വി, കരിമ്പി രാമന്‍, ലക്ഷ്മി കൊലുമ്പന്‍, സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാരായ ഉഷ ജയന്‍, ഷീബ വിനോദ്, ഓമന ബാബു എന്നിവരെയാണ് ആദരിച്ചത്. ജില്ലയിലെ 63 സാക്ഷരതാ കേന്ദ്രങ്ങളിലാണ് വാര്‍ഷിക ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്.
1991 ഏപ്രില്‍ 18 നായിരുന്നു സംസ്ഥാനത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം. സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ ഓര്‍മ്മ പുതുക്കലിനൊപ്പം അവശേഷിക്കുന്ന നിരക്ഷരരെയും സാക്ഷരതാ പഠനത്തിന് പ്രേരിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. സാക്ഷരതാ കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പഠിതാക്കളെയും ഇന്‍സ്ട്രക്ടര്‍മാരെയും മുന്‍കാല സാക്ഷരതാ പ്രവര്‍ത്തകരെയും ആദരിച്ചു.
സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍കരീം സാക്ഷരത സന്ദേശം നല്കി. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗം ഇ ടി നൗഷാദ് സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍കരീം, എന്നിവര്‍ ചേര്‍ന്ന് പഠിതാക്കളെയും ഇന്‍സ്ട്രക്ടര്‍മാരെയും ആദരിച്ചു. സാക്ഷരതാ മിഷനിലെ വിനു പി ആന്റണി, ഇന്‍സ്ട്രക്ടര്‍ ഉഷ ജയന്‍ എന്നിവര്‍ സംസാരിച്ചു. സാക്ഷരതാ പ്രേരക്മാരായ അമ്മിണി ജോസ് സ്വാഗതവും, ബിന്ദു മോള്‍ ടി എസ് നന്ദിയും പറഞ്ഞു.