വഴിതെറ്റിക്കുന്ന മാർക്കിങ്; അപകടങ്ങൾ തുടർക്കഥ ആകുന്നു
നെടുങ്കണ്ടം : വഴിതെറ്റിക്കുന്ന മാർക്കിങ്. സംസ്ഥാന പാതയിലെ റോഡ് മാർക്കിങ്ങിലെ അപാകത കാരണം വാഹനങ്ങളുടെ കൂട്ടിയിടി തുടർക്കഥയാകുന്നു. കുമളി മൂന്നാർ സംസ്ഥാന പാതയുടെ ഭാഗമായി നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമാണു നിരന്തര അപകടങ്ങൾ. സംസ്ഥാന പാതകളിൽ റോഡിന്റെ അരികും ചേർത്തും മധ്യഭാഗത്തുമായി വാഹനങ്ങളുടെ സുഗമമമായ സഞ്ചാരത്തിന് മാർക്കിങ്ങുണ്ട്. എന്നാൽ ഈ ഭാഗത്ത് റോഡിന്റെ വിസ്തൃതി കൂടുതൽ കാരണം മാർക്കിങ് നടത്തിയതിൽ അശാസ്ത്രീയതയുണ്ടായി.
അശാസ്ത്രീയ മാർക്കിങ് കാരണം വഴിതെറ്റുന്ന വാഹനങ്ങൾ ദിശതെറ്റിയെത്തി കൂട്ടിയിടിച്ചാണ് അപകടം സംഭവിക്കുന്നത്. എതാനും ദിവസം മുൻപുണ്ടായ അപകടത്തിൽ നെടുങ്കണ്ടം സ്വദേശിയായ യുവാവ് ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ്. തുടയെല്ല് തകർന്നതോടെ ശസ്ത്രക്രിയ നടത്തി ചികിത്സ ഇപ്പോഴും തുടരുകയാണ്. സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. എതിരെ എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചുകയറി.
ഇതോടെയാണ് അപകടമുണ്ടായത്. റോഡിലെ വീതിയും മാർക്കിങ്ങും കണ്ട് തെറ്റിദ്ധരിച്ച് റോഡിന്റെ ഭാഗമല്ലാതെ വെറുതേ കിടക്കുന്ന ഭാഗത്തേക്ക് കയറിയെത്തുന്ന വാഹനങ്ങളാണ് അപകടം വിതയ്ക്കുന്നത്. വാഹനങ്ങളുടെ അമിത വേഗവും സ്ഥലത്ത് അപകടം വിതയ്ക്കുന്നുണ്ട്. കഴിഞ്ഞ 4 മാസത്തിനിടെ രാത്രി കാലത്ത് മാത്രം 10 അപകടങ്ങൾ ഇവിടെയുണ്ടായെന്നാണു കണക്ക്. സംസ്ഥാന പാതയിലൂടെ എത്തുന്ന വിനോദ സഞ്ചരികളുടെ വാഹനങ്ങളും നിരന്തരമായി അപകടത്തിൽപെടുന്നുണ്ട്.
സ്ഥലത്ത് കഴിഞ്ഞ ദിവസം നെടുങ്കണ്ടം പൊലീസ് നടത്തിയ പരിശോധനയിൽ റോഡ് മാർക്കിങ്ങിലെ അപാകത അപകടം സൃഷ്ടിക്കുന്നതായി കണ്ടെത്തിയിരുന്നു. അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും ടൗണിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് വേഗ ക്രമീകരണം ഏർപ്പെടുത്തണമെന്നും ആവശ്യം ഉയർന്നു. പല സ്ഥലത്തും മാർക്കിങ്ങില്ലാത്തും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്, റോഡിന്റെ ഇരു വശത്തും റോഡിന്റെ ഭാഗമല്ലാത്ത ടാർ ചെയ്ത ഭാഗം പ്രത്യേക അടയാളപ്പെടുത്തുന്നതിനു പൊതുമരാമത്ത് വകുപ്പിനു ഫണ്ടുള്ളതാണ്. ഇങ്ങനെ അടയാളപ്പെടുത്തിയാൽ റോഡ് കൃത്യമായ ഡ്രൈവർമാർക്ക് മനസ്സിലാക്കി യാത്ര സുഗമമാക്കാൻ കഴിയും.