മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയവരുടെ മുന്നിൽ കുട്ടിയാനയുടെ കുറുമ്പ്.
കുമളി: മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയവരുടെ മുന്നിൽ കുട്ടിയാനയുടെ കുറുമ്പ്. കുമളിയിൽ നിന്ന് മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള കാനനപാതയിൽ കരടിക്കവലയ്ക്കു മുകളിലാണ് സംഭവം.നടന്നു പോയ ഭക്തരുടെ മുന്നിലേക്ക് ആന പെട്ടെന്ന് ഓടിയടുക്കുകയായിരുന്നു. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനപാലകർ ഓടിയെത്തി ആനയെ വിരട്ടി കാട്ടിലേക്ക് ഓടിച്ചതിനാൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.
വാഹനങ്ങളുടെ തിരക്കും ബഹളവുമായിരിക്കാം ആനയെ പ്രകോപിപ്പിച്ചതെന്നാണു നിഗമനം. പെരിയാർ കടുവ സങ്കേതത്തിനു ഉള്ളിലൂടെ മാത്രമേ മംഗളാദേവി ക്ഷേത്രത്തിലേക്കു പ്രവേശിക്കാൻ കഴിയൂ. വനം വകുപ്പിന്റെ നേതൃത്വത്തിൽ കുമളി ബസ് സ്റ്റാൻഡിലെ ഒന്നാം ഗേറ്റ്, കൊക്കരക്കണ്ടം, കരടിക്കവല, ഒന്നാം പാലം, രണ്ടാം വളവ്, യൂക്കാലി വളവ്, ബ്രാണ്ടിപ്പാറ, മംഗളാദേവി അമ്പലം, മംഗളാദേവി ലോവർ, തുടങ്ങി 13 പോയിന്റുകളിൽ 200 ഓളം ജീവനക്കാരെ നിയോഗിച്ചിരുന്നു.
പെരിയാർ ടൈഗർ റിസർവ് ഡപ്യൂട്ടി ഡയറക്ടർ സുനിൽ ബാബു, അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ സുഹൈബ് പിജെ, ഇടുക്കി വൈൽഡ്‌ലൈഫ് വാർഡൻ ബി രാഹുൽ, പമ്പ റേഞ്ച് ഓഫിസർ അജയഘോഷ് , തേക്കടി റേഞ്ച് ഓഫിസർ അഖിൽ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
ഫയർ ആൻഡ് റെസ്‌ക്യു ഇടുക്കി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.വി. ജോയിയുടെ നേതൃത്വത്തിൽ 13 ഉദ്യോഗസ്ഥർ 2 സ്ഥലങ്ങളിലായി സേവനം ലഭ്യമാക്കി. ഇവിടെ മൂന്നു വാഹനങ്ങളു, പ്രത്യേക പരിശീലനം ലഭിച്ചവരെയും നിയോഗിച്ചിരുന്നു. ഇതിന് പുറമേ എക്സൈസ്, മോട്ടർ വാഹന വകുപ്പ്, പബ്ലിക് റിലേഷൻ വകുപ്പ് തുടങ്ങിയവയും സജീവമായുണ്ടായിരുന്നു.