1000–ാമത്തെ മത്സരത്തിന് വിജയത്തിളക്കം; വിൻഡീസിനെ 6 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ
അഹമ്മദാബാദ് ∙ രാജ്യാന്തര ക്രിക്കറ്റിലെ 1000–ാമത്തെ മത്സരത്തിന് വിജയത്തിളക്കം സമ്മാനിച്ച് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ കുതിപ്പ്. ബോളർമാരുടെ ആധിപത്യം കണ്ട മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസ് 43.5 ഓവറിൽ 176 റൺസിന് പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമ അർധസെഞ്ചുറിയുമായി മുന്നിൽനിന്ന് നയിച്ചതോടെ 28 ഓവറും ആറു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി.
രോഹിത് 51 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 60 റൺസെടുത്ത് പുറത്തായി. ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. ഇന്ത്യയുടെ മുഴുവൻ സമയ നായകനെന്ന നിലയിൽ രോഹിത് ശർമയ്ക്കും വിജയത്തുടക്കം.
ഓപ്പണിങ് വിക്കറ്റിൽ 84 റൺസിന്റെ കൂട്ടുകെട്ട് തീർത്ത് ഇഷാൻ കിഷനൊപ്പം രോഹിത് നൽകിയ ഉജ്വല തുടക്കവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ഇരുവരും ചേർന്ന് 13.1 ഓവറിലാണ് 84 റൺസ് കൂട്ടിച്ചേർത്തത്. ഇഷാൻ കിഷൻ 36 പന്തിൽ 28 റൺസെടുത്ത് പുറത്തായി.
വിരാട് കോലി (നാലു പന്തിൽ എട്ട്), ഋഷഭ് പന്ത് (ഒൻപതു പന്തിൽ 11) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും സൂര്യകുമാർ യാദവ് (36 പന്തിൽ 34*), അരങ്ങേറ്റ മത്സരം കളിച്ച ദീപക് ഹൂഡ (32 പന്തിൽ 26*) എന്നിവർ ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഇന്ത്യയ്ക്ക് നഷ്ടമായ നാലു വിക്കറ്റുകളിൽ രണ്ടെണ്ണം അൽസാരി ജോസഫ് സ്വന്തമാക്കി. ഒരു വിക്കറ്റ് അകീൽ ഹുസൈന് ലഭിച്ചു. ഋഷഭ് പന്ത് റണ്ണൗട്ടാവുകയായിരുന്നു.
∙ ‘കറക്കി വീഴ്ത്തി’ ഇന്ത്യ
നേരത്തെ, ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര നേട്ടത്തിന്റെ ആവേശത്തിലെത്തിയ വെസ്റ്റിൻഡീസിനെ, സ്പിന്നർമാരുടെ നേതൃത്വത്തിലാണ് ഇന്ത്യ എറിഞ്ഞുവീഴ്ത്തിയത്. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഇന്ത്യ വിൻഡീസിനെ 43.5 ഓവറിലാണ് 176 റൺസിന് പുറത്താക്കിയത്. ഇന്ത്യയ്ക്കായി യുസേവേന്ദ്ര ചെഹൽ നാലും വാഷിങ്ടൻ സുന്ദർ മൂന്നും വിക്കറ്റ് വീഴ്ത്തി.
ഒരു ഘട്ടത്തിൽ 22.5 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 79 റൺസെന്ന നിലയിൽ തകർന്ന വെസ്റ്റിൻഡീസിന്, എട്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ജെയ്സൻ ഹോൾഡർ – ഫാബിയൻ അലൻ സഖ്യമാണ് രക്ഷകരായത്. ഹോൾഡർ വിൻഡീസ് ഇന്നിങ്സിലെ ഏക അർധസെഞ്ചുറി കുറിച്ച് അവരുടെ ടോപ് സ്കോററായി. സമ്പാദ്യം 57 റൺസ്. ഫാബിയൻ അലൻ 29 റൺസെടുത്തു. എട്ടാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 78 റൺസ്.
71 പന്തുകൾ നേരിട്ട ഹോൾഡർ നാലു സിക്സറുകൾ സഹിതം സഹിതമാണ് 57 റൺസെടുത്തത്. ഫാബിയൻ അലനാകട്ടെ, 43 പന്തിൽ രണ്ടു ഫോറുകളോടെ 51 റൺസുമെടുത്തു.
അതേസമയം, വിൻഡീസ് നിരയിൽ ക്യാപ്റ്റൻ കയ്റൻ പൊള്ളാർഡ് ഉൾപ്പെടെയുള്ളവർ നിരാശപ്പെടുത്തി. പൊള്ളാർഡ് യുസ്‌വേന്ദ്ര ചെഹലിന്റെ പന്തിൽ ഗോൾഡൻ ഡക്കായി. ഷായ് ഹോപ്പ് (10 പന്തിൽ എട്ട്), ബ്രണ്ടൻ കിങ് (26 പന്തിൽ 13), ഡാരൻ ബ്രാവോ (34 പന്തിൽ 18), ഷമർ ബ്രൂക്സ് (26 പന്തിൽ 12), നിക്കോളാസ് പുരാൻ (25 പന്തിൽ 18), അകീൽ ഹുസൈൻ (0), അൽസാരി ജോസഫ് (16 പന്തിൽ 13) എന്നിങ്ങനെയാണ് മറ്റ് വിൻഡീസ് താരങ്ങളുടെ പ്രകടനം.
ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചെഹൽ 9.5 ഓവറിൽ 49 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്. വാഷിങ്ടൻ സുന്ദർ 9 ഓവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ 10 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. മുഹമ്മദ് സിറാജിന് ഒരു വിക്കറ്റ് ലഭിച്ചു.
∙ 1000–ാം ഏകദിനത്തിൽ ടോസ് ഇന്ത്യയ്ക്ക്
മുഴുവൻ സമയ ഇന്ത്യൻ നായകനെന്ന നിലയിൽ ‘അരങ്ങേറ്റം കുറിച്ച’ രോഹിത് ശർമ ടോസ് നേടി വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ ഓൾറൗണ്ടർ ദീപക് ഹൂഡ അരങ്ങേറ്റം കുറിച്ചു.
ഇന്ത്യ ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വാഷിങ്ടൻ സുന്ദർ, ഷാർദുൽ ഠാക്കൂർ, യുസ്‌വേന്ദ്ര ചെഹൽ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്
വെസ്റ്റിൻഡീസ് ഇലവൻ: ബ്രണ്ടൻ കിങ്, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പർ), ഷമർ ബ്രൂക്സ്, ഡാരൻ ബ്രാവോ, നിക്കോളാസ് പുരാൻ, കയ്റൻ പൊള്ളാർഡ് (ക്യാപ്റ്റൻ), ജെയ്സൻ ഹോൾഡർ, ഫാബിയൻ അലൻ, അൽസാരി ജോസഫ്, കെമർ റോച്ച്, അകീൽ ഹുസൈൻ
English Summary: India vs West Indies, 1st ODI – Live Cricket Score