ഇടുക്കിയിലുണ്ട് 390 ഗുണ്ടകൾ
തൊടുപുഴ: കൊലപാതകം, ക്വട്ടേഷന്‍, അക്രമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പൊതുസമൂഹത്തിന് ഭീഷണിയായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 390 ഗുണ്ടകളാണ് ജില്ലയിലുള്ളത്.ഇതില്‍ പകുതിയിലേറെ പേരും അതീവ അപകടകാരികളാണ്. എന്നാല്‍ ഗുണ്ടകളെ ഒരുവര്‍ഷം കരുതല്‍ തടങ്കലിലാക്കാനും നാടുകടത്താനുമടക്കം അതിശക്തമായ അധികാരങ്ങളുള്ള കാപ്പ നിയമമുണ്ടായിട്ടും ഫലപ്രദമായി ഉപയോഗിച്ച് ഇവരെ അമര്‍ച്ച ചെയ്യാന്‍ പൊലീസിന് കഴിയുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷം വെറും മൂന്ന് പേര്‍ക്കെതിരെ മാത്രമാണ് ജില്ലയില്‍ കാപ്പ ചുമത്തിയത്. കാപ്പ ചുമത്തേണ്ട ആറ് പേരുകളാണ് കഴിഞ്ഞ വര്‍ഷം ജില്ലയില്‍ നിന്ന് പൊലീസ് നല്‍കിയതെങ്കിലും മൂന്ന് പേര്‍ക്കെതിരെ മാത്രമാണ് നിയമം പ്രയോഗിച്ചത്. ബാക്കിയുള്ളവരെല്ലാം നാട്ടില്‍ സ്വൈര്യവിഹാരം നടത്തുകയാണ്. കോട്ടയത്തുണ്ടായതു പോലുള്ള സംഭവങ്ങള്‍ ഏത് നിമിഷവും ഇടുക്കിയിലും നടക്കാമെന്ന് അര്‍ത്ഥം. ‘ഓപ്പറേഷന്‍ കാവല്‍’ എന്ന പേരില്‍ ഡി.ജി.പി പ്രഖ്യാപിച്ച പ്രത്യേക ദൗത്യം ദയനീയമായി പരാജയപ്പെട്ടു. ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ ജില്ലാതലത്തിലും സ്റ്റേഷന്‍ തലത്തിലും ഗുണ്ടാവിരുദ്ധ സ്‌ക്വാഡുകളുണ്ടാക്കിയെങ്കിലും വിജയിച്ചില്ല. താഴേത്തട്ടില്‍ ഉദ്യോഗസ്ഥര്‍ സഹകരിക്കാത്തതായിരുന്നു കാരണം. അതേസമയം ഗുണ്ടാലിസ്റ്റിലുള്ള ബാക്കിയുള്ള പലരെയും മുമ്ബ് കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കുകയും നാടു കടത്തുകയും ചെയ്തിട്ടുള്ളതാണെന്നാണ് പൊലീസ് പറയുന്നത്.
ജില്ലയില്‍ രണ്ട് സ്‌ക്വാഡുകള്‍ വീതം രൂപീകരിച്ചാണ് ഇപ്പോഴത്തെ ഗുണ്ടാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍. സ്ഥിരം കുറ്റവാളികളുടെയും ഗുണ്ടകളുടെയും മുമ്ബ് കേസുകളില്‍പ്പെട്ടവരുടെയും പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ തയാറാക്കി വാറന്റുള്ള പ്രതികളെയും ഒളിവില്‍ കഴിയുന്നവരെയും കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുമാണ് പൊലീസിന്റെ ഉറപ്പ്. ക്രിമിനല്‍ സംഘങ്ങള്‍ക്കു പണം കിട്ടുന്ന സ്രോതസും കണ്ടെത്തും.
കാപ്പ നിയമം എന്ത്
പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന കൊടും കുറ്റവാളികളെ ഒരു വര്‍ഷം വരെ വിചാരയില്ലാതെ ജയിലില്‍ അടയ്ക്കാനോ നാടുകടത്താനോ വ്യവസ്ഥ ചെയ്യുന്ന നിയമമാണ് കാപ്പ. തൊട്ടുമുമ്ബുള്ള ഏഴു വര്‍ഷങ്ങളിലെ കേസുകളാണ് കാപ്പയ്ക്ക് പരിഗണിക്കുക. അതില്‍ അഞ്ചുവര്‍ഷമോ അതിനു മുകളിലോ ശിക്ഷ ലഭിക്കാവുന്ന ഒരു കേസെങ്കിലും ഉണ്ടാകണം. അല്ലെങ്കില്‍ ഒരുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസ്. അതുമല്ലെങ്കില്‍ മൂന്ന് കേസുകളുടെ വിചാരണ നടക്കുന്നുണ്ടാകണം. ഗുണ്ടാലിസ്റ്റിലുള്ളവര്‍ക്കെതിരെയാണ് സാധാരണ കാപ്പ ചുമത്തുന്നത്.
അധികാരം പൊലീസിന് നല്‍കണമെന്ന്
വിചാരണയില്ലാത്തതിനാല്‍ കാപ്പ ചുമത്തുന്നതില്‍ പൊലീസ് അമിതാധികാരം കാട്ടുമെന്ന് ഭയന്ന് ജില്ലാ മജിസ്‌ട്രേറ്രുമാര്‍ക്കാണ് കരുതല്‍ തടങ്കലിന് ഉത്തരവിടാന്‍ അധികാരം നല്‍കിയിട്ടുള്ളത്. ഈ അധികാരം തങ്ങള്‍ക്ക് വേണമെന്ന് പൊലീസ് ഏറെക്കാലമായി ആവശ്യപ്പെടുകയാണ്. ചിലയിടത്തെങ്കിലും ഗുണ്ടാനിയമം ചുമത്താനുള്ള പൊലീസിന്റെ ശുപാര്‍ശകളില്‍ കളക്ടര്‍ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കുന്നുണ്ടെന്നാണ് ആക്ഷേപം. അതേസമയം സ്ഥിരം ക്രിമിനലുകളെ നാടുകടത്താന്‍ കാപ്പ നിയമപ്രകാരം ഐ.ജിമാര്‍ക്ക് അധികാരമുണ്ട്.