ജില്ലാ ആശുപത്രിയില്‍ നിന്ന് നാല് ബാറ്ററികള്‍ മോഷണം പോയി. ഉപയോഗ ശൂന്യമായതിനാല്‍ ലേലം ചെയ്യുന്നതിനായി ലാബിന് സമീപം സൂക്ഷിച്ചിരുന്നവയാണ് കാണാതായത്.
തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ നിന്ന് നാല് ബാറ്ററികള്‍ മോഷണം പോയി. ഉപയോഗ ശൂന്യമായതിനാല്‍ ലേലം ചെയ്യുന്നതിനായി ലാബിന് സമീപം സൂക്ഷിച്ചിരുന്നവയാണ് കാണാതായത്.നാല് ബാറ്ററികള്‍ക്ക് കൂടി പതിനായിരം രൂപയാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. പല ദിവസങ്ങളിലായാണ് മോഷണം നടന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യ മോഷണം നടന്നത്.
ഇതിന്റെ തുടര്‍ ദിവസങ്ങളില്‍ മറ്റ് ബാറ്ററികള്‍ കൂടി കാണാതാവുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് പകല്‍ സമയങ്ങളില്‍ വാഹനത്തിലെത്തിയാണ് മോഷ്ടാക്കള്‍ ബാറ്ററി കൊണ്ടുപോയതെന്ന് വ്യക്തമായി. ഭാരമുള്ള ബാറ്ററികള്‍ ഒരാള്‍ക്ക് തന്നെ കടത്തിക്കൊണ്ട് പോകാന്‍ പറ്റില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. മോഷണങ്ങള്‍ക്ക് മുന്‍ ദിവസങ്ങളില്‍ ആശുപത്രിയില്‍ എത്തിയവരിലാരോ സി.സി ടി.വി ക്യാമറകളില്‍ കേട് വരുത്തിയിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട ആശുപത്രി അധികൃതര്‍ ഇടപെട്ട് ക്യാമറയുടെ തകരാര്‍ പരിഹരിക്കുകയായിരുന്നു. ഇതിന് സമീപ ദിവസങ്ങളിലാണ് മോഷണം നടന്നത്. സംഭവത്തെ കുറിച്ച് ആശുപത്രി സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൊടുപുഴ പൊലീസെത്തി പരിശോധന നടത്തി. പ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.