നവജാത ശിശുക്കള്‍ക്ക് ഇനി ആശുപത്രിയില്‍വെച്ച് തന്നെ ആധാര്‍ കാര്‍ഡ് . പദ്ധതി ഉടനെ നടപ്പാക്കുമെന്ന് യു.ഐ.ഡി.എ.ഐ.
നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍വെച്ച് തന്നെ ആധാര്‍ കാര്‍ഡ് നല്‍കാന്‍ പദ്ധതി ഉടനെ നടപ്പാക്കുമെന്ന് യു.ഐ.ഡി.എ.ഐ അറിയിച്ചു.ജനന രജിസ്ട്രാറുമായി സഹകരിച്ച് നവജാത ശിശുക്കള്‍ക്ക് ആശുപത്രിയില്‍ തന്നെ ആധാര്‍ എന്‍റോള്‍ ചെയ്യാനുള്ള നടപടികള്‍ക്കായി ശ്രമിക്കുകയാണെന്ന് യു.ഐ.ഡി.എ.ഐ സി.ഇ.ഒ സൗരഭ് ഗാര്‍ഗ് വാര്‍ത്താഏജന്‍സിയോട് വെളിപ്പെടുത്തി.
പ്രായപൂര്‍ത്തിയായവരില്‍ 99.7 ശതമാനം പേര്‍ ഇതുവരെ ആധാര്‍ എന്‍റോള്‍ ചെയ്തു. 131 കോടി ജനത്തിനും ആധാര്‍ എന്‍റോള്‍ ചെയ്യാനാണ് ശ്രമം. അതുകൊണ്ടുതന്നെ നവജാത ശിശുക്കള്‍ക്ക് ആധാര്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വര്‍ഷവും രണ്ടുമുതല്‍ രണ്ടരക്കോട് നവജാത ശിശുക്കള്‍ ജനിക്കുന്നുണ്ട്. അവരെയും ഉടന്‍ ആധാറിലുള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുഞ്ഞ് ജനിക്കുമ്ബോള്‍ തന്നെ ചിത്രം എടുക്കും. അഞ്ച് വയസിന് താഴെയുള്ളര്‍ ബയോമെട്രിക് സംവിധാനത്തില്‍ ഉള്‍പ്പെടില്ലെങ്കിലും അവരുടെ മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിക്കും. അഞ്ച് വയസ് പൂര്‍ത്തിയാകുമ്ബോള്‍ ബയോമെട്രിക് സ്വീകരിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.