കട്ടപ്പന കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ നവീകരണത്തിന് 5 കോടി : മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം : കട്ടപ്പന കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് മുഖേന 5 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 2006 ഫെബ്രുവരി 11 ന് പ്രവര്‍ത്തനമാരംഭിച്ച സബ്ഡിപ്പോ താല്കാലിക സൗകര്യങ്ങളിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കട്ടപ്പന-ബാംഗ്ലൂര്‍, കട്ടപ്പന-കമ്പം ഉള്‍പ്പെടെ മൂന്ന് അന്തര്‍ സംസ്ഥാന സര്‍വ്വീസുകളടക്കം നാല്പത് സര്‍വീസുകളാണ് പ്രതിദിനം നടത്തുന്നത്. 193 ജീവനക്കാരുള്ള സബ് ഡിപ്പോയിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇതോടെ പരിഹരിക്കപ്പെടും.
രണ്ട് നിലകളിലായി 18252 ചതുരശ്രയടിയുടെ കെട്ടിടസമുച്ചയത്തില്‍ ഗ്യാരേജ് ബേ, റാമ്പ്, ടിക്കറ്റ് കൗണ്ടര്‍, എന്‍ക്വയറി കൗണ്ടര്‍, പോലീസ് എയ്ഡ് പോസ്റ്റ്, ശുചിമുറികള്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, യാത്രക്കാര്‍ക്കുള്ള വിശ്രമമുറികള്‍, ജീവനക്കാര്‍ക്കുള്ള വിശ്രമ മുറികള്‍, എ.ടി.എം കൗണ്ടര്‍ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും. ഡിപ്പോയ്ക്ക് അകത്തു തന്നെ അവശ്യ സാധനങ്ങള്‍ ലഭ്യമാകത്തക്കവിധം അഞ്ച് കടമുറികളും നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കും.
2018 ലെ പ്രളയത്തില്‍ ഡിപ്പോയ്ക്ക് പിന്‍വശത്തുള്ള മണ്‍തിട്ട ഇടിഞ്ഞ് അപകട ഭീഷണി ഉയര്‍ത്തിയിരുന്നു. ഇവിടെ സംരക്ഷണഭിത്തി നിര്‍മ്മിച്ച് സുരക്ഷ ഉറപ്പാക്കും. പൊതുമാരാമത്ത് വകുപ്പ് മുഖേന സാങ്കേതിക അനുമതിയും ടെണ്ടര്‍ നടപടികളും സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.