100 ദിവസം കുടുംബത്തോടൊപ്പം ചെലവിടാൻ സൈനികർക്ക് സൗകര്യം ഒരുക്കുമെന്ന് അമിത് ഷാ


ജയ്സാൽമീർ: വർഷത്തില്‍ നൂറു ദിവസം സൈനികർക്ക് അവരുടെ കുടുംബവുമൊത്ത് ചെലവിടാൻ വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് ജയ്സാൽമീരില്‍ ആഭ്യന്തര മന്ത്രി പറഞ്ഞു. ജയ്സാൽമീറിലെ രോഹിതാഷ് ഇന്തോ -പാക്ക് അതിർത്തി സന്ദർശിക്കാനെത്തിയതായിരുന്നു അമിത് ഷാ. ‘ജീവിതത്തിന്റെ സുവർണ കാലം രാജ്യത്തിനായി സമർപ്പിക്കുന്ന ജവാനു കുടുംബവുമൊത്തു കഴിയാൻ സമയം ഒരുക്കേണ്ടതു സർക്കാരിന്റെ കടമയും ഉത്തരവാദിത്തവുമാണ്’- ആഭ്യന്തര മന്ത്രി പറഞ്ഞു.
അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) അംഗങ്ങൾ നേരിടുന്ന വിഷമങ്ങൾ നേരിട്ടു മനസിലാക്കാൻ ഇന്ത്യ-പാക്ക് അതിർത്തിക്കു സമീപം ഒരു ദിവസം താമസിക്കുമെന്നും ഷാ കൂട്ടിച്ചേർത്തു. ജയ്സാൽമീറിൽ നടന്ന സൈനിക സമ്മേളനത്തിൽ അമിത് ഷാ പങ്കെടുത്തു. രാജ്യത്തിന്റെ അതിർത്തി കാക്കാൻ സൈന്യം ഉണ്ടെന്ന വിശ്വാസത്തിലാണ് 130 കോടി ജനങ്ങളും താനും രാത്രി സമാധാനത്തോടെ ഉറങ്ങുന്നതെന്നും അമിത് ഷാ പറഞ്ഞു.