ഭരണ കക്ഷി അംഗങ്ങളുമായി ഭിന്നത : സെക്രട്ടറി അവധിയിൽ. പഞ്ചായത്തിൽ ഭരണ പ്രതിസന്ധിയെന്ന് പ്രതിപക്ഷം
അടിമാലി : ഭരണ മുന്നണിയുമായി അഭിപ്രായ വ്യത്യാസം അടിമാലി പഞ്ചായത്ത് സെക്രട്ടറി നീണ്ട അവധി പ്രവേശിച്ചു.
എൽഡിഎഫ് ഭരിക്കുന്ന അടിമാലി പഞ്ചായത്തിൽ ഭരണ കക്ഷിയിലെ ചില അംഗങ്ങളും ജീവനക്കാരും തമ്മിൽ ഉടലെടുത്ത ഭിന്നതയെ തുടർന്നാണ് സെക്രട്ടറി അവധിയിൽ പോയത് . ഒരാഴ്ച മുൻപ് അസി. സെക്രട്ടറി അവധിയിൽ പ്രവേശിക്കുകയും പിന്നീട് സ്ഥലം മാറ്റം വാങ്ങി പോകുകയും ചെയ്തിനു പിന്നാലെയാണ് സെക്രട്ടറി കെ.എൻ. സഹജൻ അവധിയിൽ പ്രവേശിച്ചത്.
അടിയന്തരമായി നടപ്പാക്കേണ്ട പല പദ്ധതികളും ചില ജനപ്രതിനിധികളുടെ ഇടപെടീലിനെ തുടർന്ന് നടക്കാതെ വരുന്ന സാഹചര്യം ഭരണ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. വെള്ളിയാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ പ്രധാനപ്പെട്ട പല പദ്ധതികളും ചർച്ചക്ക് എടുക്കേണ്ടിയിരുന്നെങ്കിലും കമ്മിറ്റിയിൽ അധ്യക്ഷത വഹിക്കുകയായി പ്രസിഡന്റ് ഉച്ചക്ക് ശേഷം എത്താതിരുന്നത് യോഗം മുടങ്ങാൻ കാരണമായി.
അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വികസനകാര്യ സ്ഥിരം അദ്ധ്യക്ഷ ചികിത്സയുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കൽ കോളജിലേക്ക് ബന്ധുക്കൾക്കൊപ്പം ഇവർ കൂടി പോയതാണ് കമ്മിറ്റി തുടരാൻ കഴിയാതെ വന്നത്. പകരം അധ്യക്ഷ പദവി വഹിക്കേണ്ടിയിരുന്ന വൈസ് പ്രസിഡന്റ് കമ്മിറ്റിക്ക് എത്തിയതുമില്ല.
ഇതിനിടെ ഭരണകക്ഷിയിലെ ഒരംഗവും സെക്രട്ടറിയും തമ്മിലുണ്ടായ വാദ പ്രതിവാദങ്ങൾക്ക് ഒടുവിൽ സെക്രട്ടറി 3 മാസത്തെ അവധിക്ക് ഡപ്യൂട്ടി ഡയറക്ടർ അപേക്ഷ നൽക്കുകയും അവധിയിൽ പ്രവേശിക്കുകയുമായിരുന്നു .
. ലൈഫ് ഭവന പദ്ധതിയിൽ പഞ്ചായത്തിൽ ലഭിച്ചിട്ടുള്ള 3,000 വരുന്ന അപേക്ഷകളുടെ പരിശോധന പൂർത്തിയാക്കി ഈ മാസം 30 ന് മുൻപായി റിപ്പോർട്ട് നൽകണം എന്നിരിക്കെ ഇതു സംബന്ധപ്പെട്ട നടക്കേണ്ട ചർച്ചയും വെള്ളിയാഴ്ചത്തെ കമ്മിറ്റിയിൽ നടന്നില്ല.
ഇതോടൊപ്പം പഞ്ചയായത്ത് പരിധിയിലുള്ള അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവേ നടപടികൾ സംബന്ധിച്ചും തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ല. നടപ്പു സാമ്പത്തിക വർഷ പൂർത്തിയാകേണ്ട ആറകോടിയുടെ കല്യാണ മണ്ഡപ നിർമ്മാണ പദ്ധതി , ആദിവാസി കുട്ടികളുടെ യാത്ര ചിലവിനായി ഗോത്രാ സാരഥി പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വകയിരുത്താൽ ,കൃഷി ഭവൻ വഴിയുള്ള ക്ഷേമ പദ്ധതികളും ചർച്ച ചെയ്യുന്നതിനു വേണ്ടിയാണ് യോഗം വിളിച്ചതെങ്കിലും നടക്കാതെ വന്നതോടെ പദ്ധതികളിൽ പലതും അവതാളത്തിലാകുമെന്ന സ്ഥതി വിശേഷമാണുള്ളത്. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി നാല് മാസമാണുള്ളത് എന്നാൽ ഇതുവരേയും 30 ശതമാനം പദ്ധതി വിഹിതം പോലും നടപ്പിലാക്കാൻ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല.
ഇതിനിടെ ഭരണ പക്ഷത്തെ പ്രധാന കക്ഷി നേതാക്കൾക്കെതിരെ ഘടകകക്ഷി അംഗങ്ങളും വിയോജിപ്പുമായി രംഗത്തുണ്ട്. വിഷയം എൽഡിഎഫിൽ പല തവണ ചർച്ചക്കു വന്നെങ്കിലും പരിഹാരം ഉണ്ടാകാത്തതിൽ മുന്നണിക്കുള്ളിൽ അമർഷം പുകയുകയാണ് . സെക്രട്ടറി ലീവിൽ പോയ വിവരം അറിഞ്ഞു കാരണം വ്യക്തമല്ലെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഷേർളി മാത്യു പറഞ്ഞു. വർഷങ്ങളായി ഈ പഞ്ചായത്തിൽ ജോലി ചെയ്യുന്നുവെന്നും മാനസികവും ,രാഷ്ട്രീയവുമായ സമ്മർദവും മൂലമാണ് അവധിക്ക് അപേക്ഷ നൽകിതെന്ന് സെക്രട്ടറി പറഞ്ഞു