മനം കുളിർപ്പിക്കുന്ന കാഴ്ചകൾ കാണുവാൻ വാഗമണ്ണിലേക്കു എത്തുന്ന സഞ്ചാരികളുടെ മനംമടുപ്പിച്ചുകൊണ്ടു നാടെങ്ങും മാലിന്യക്കൂമ്പാരം
വാഗമൺ∙ മനം കുളിർപ്പിക്കുന്ന കാഴ്ചകൾ കാണുവാൻ വാഗമണ്ണിലേക്കു എത്തുന്ന സഞ്ചാരികളുടെ മനംമടുപ്പിച്ചുകൊണ്ടു നാടെങ്ങും മാലിന്യക്കൂമ്പാരം. മാലിന്യത്തിന്റെ പിടിയിൽനിന്നു വാഗമണ്ണിനെ സംരക്ഷിക്കാൻ നാലും ചുറ്റും ഹരിത ചെക്പോസ്റ്റുകൾ സ്ഥാപിച്ചെങ്കിലും ഇവയെല്ലാം വെറും നോക്കുകുത്തികളായി. പുള്ളിക്കാനം, വാഗമൺ ജംക്‌ഷൻ ഉണ്ണിച്ചെടിക്കാട്, കൊച്ചുകരുന്തരുവി റോഡ്, ഏലപ്പാറയിൽനിന്നു വാഗമണ്ണിലേക്കുളള പ്രവേശനകവാടം എന്നിവിടങ്ങളിൽ എല്ലാം തന്നെ ഹരിത ചെക്പോസ്റ്റുകളും ജീവനക്കാരും സജീവമാണ്.
പക്ഷേ, ദിവസേന മാലിന്യങ്ങൾ വർധിക്കുന്നതാണ് സ്ഥിരംകാഴ്ച. ഈരാറ്റുപേട്ട കവല മുതൽ ഏലപ്പാറ വരെയുളള പാതയോരങ്ങളിൽ മിക്കയിടത്തും മാലിന്യങ്ങൾ അടിഞ്ഞു കിടപ്പുണ്ട്. പുള്ളിക്കാനം –വാഗമൺ റോഡിലെയും സ്ഥിതി ഇതുതന്നെ. മൊട്ടക്കുന്ന്, പൈൻവാലി, ആത്മഹത്യ മുനമ്പ്, ഓർക്കിഡേറിയം എന്നിങ്ങനെ സഞ്ചാരികൾ സ്ഥിരം സന്ദർശിക്കുന്ന കേന്ദ്രങ്ങൾ മാത്രമാണ് മാലിന്യത്തിന്റെ പിടിയിൽപെടാതെ രക്ഷപ്പെട്ടത്.
ഹരിത ചെക്പോസ്റ്റുകളിൽ വാഹനങ്ങളിൽനിന്നു ഫീസ് പിരിക്കുന്നത് അല്ലാതെ മറ്റൊരു നടപടിയും നടക്കുന്നില്ല. കടന്നു പോകുന്ന സഞ്ചാരികൾ പാതയോരത്തും പുരയിടങ്ങളിലും മാലിന്യം വലിച്ചെറിയുന്നതും പതിവു കാഴ്ചയാണ്. വഴിയോര കച്ചവടക്കാരുടെ കേന്ദ്രങ്ങളും മാലിന്യത്തിന്റെ പിടിയിൽ തന്നെ. മാലിന്യം തള്ളിയാൽ കാൽലക്ഷം രൂപ പിഴ ഈടാക്കുമെന്ന ഏലപ്പാറ പഞ്ചായത്തിന്റെ മുന്നറിയിപ്പ് നിലനിൽക്കെയാണു വാഗമണ്ണിന് ഈ ഗതികേട്.