ജില്ലയിലെ പട്ടയ ഓഫിസുകൾ നിർത്തലാക്കുന്നു, ശമ്പളമില്ലാതെ ജീവനക്കാർ
നെടുങ്കണ്ടം ∙ ജില്ലയിലെ 6 പട്ടയ ഓഫിസുകൾ നിർത്തലാക്കുമ്പോൾ ദുരിതത്തിലായി ജീവനക്കാർ. ഇവിടെ ജോലി ചെയ്യുന്ന തഹസിൽദാർമാർക്ക് ശമ്പളം ലഭിച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. ഇക്കഴിഞ്ഞ ജനുവരി വരെ മാത്രമേ പട്ടയ ഓഫിസുകൾക്ക് പ്രവർത്തനാനുമതി നൽകിയിരുന്നുള്ളു. ഏജീസ് ഓഫിസാണ് ഉദ്യോഗസ്ഥർക്ക് ശമ്പള വിതരണം നടത്തിയിരുന്നത്. ഓഫിസുകൾക്ക് തുടർച്ചാനുമതി ഇല്ലാതായതോടെ ശമ്പളവും മുടങ്ങി.
ജോലി ചെയ്തിരുന്ന 209 പേരെയും താലൂക്ക് റവന്യു, വില്ലേജ് ഓഫിസുകളിലേക്ക് മാറ്റും. ഇവരുടെ പട്ടയ ഓഫിസുകളിലെ തസ്തികകളും ഇല്ലാതാകും. നെടുങ്കണ്ടം, രാജകുമാരി, മുരിക്കാശേരി, ഇടുക്കി, കട്ടപ്പന, കരിമണ്ണൂർ പട്ടയ ഓഫിസുകളാണ് നിർത്തലാക്കുന്നത്. 1964,1993 റൂളുകൾ അനുസരിച്ച് പട്ടയം നൽകുന്നതിനാണ് ഓഫിസുകൾ തുടങ്ങിയത്. 10 ചെയിൻ മേഖലയിലും ഷോപ് സൈറ്റ് ഉൾപ്പെടെ ഒട്ടേറെ ആളുകൾക്കു പട്ടയം ലഭിക്കാനുണ്ട്.
2021 ജനുവരി വരെ മാത്രമേ ഈ ഓഫിസുകൾക്ക് തുടർച്ചാനുമതി ഉണ്ടായിരുന്നുളളു. ഇപ്പോൾ 27/9/21 ലെ (K ) No 182/21 റവന്യു ഉത്തരവ് പ്രകാരമാണ് പുതിയ നടപടി. നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള വനംവകുപ്പ്, റവന്യു വിഭാഗത്തിന്റെ നടപടിയുടെ ഭാഗമായാണ് പട്ടയ ഓഫിസുകൾ നിർത്തലാക്കുന്നതെന്നാണ് ആരോപണം. ഏലം കുത്തകപ്പാട്ട ഭൂമിക്ക് പരിസ്ഥിതി പ്രാധാന്യം കൂടുതലെന്ന കാരണത്താൽ ഗൃഹനിർമാണത്തിനും നിരോധനം ഏർപ്പെടുത്തിയിരുന്നു.