ചെമ്മണ്ണിൽ 34 കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ
പീരുമേട് : ഏലപ്പാറ ചെമ്മണ്ണിൽ താമസിക്കുന്ന 34 കുടുംബങ്ങൾ വീണ്ടും കുടിയിറക്ക് ഭീഷണിയിൽ. 75 വർഷത്തിലധികമായി കൈവശംവെച്ചിരിക്കുന്ന ഭൂമിക്ക് ഹെലിബറിയ ടീ കമ്പനിയാണ് അവകാശവാദമുന്നയിക്കുന്നത്. ഇവർ ഭൂമി കൈയേറിയതാണെന്ന് കാട്ടി തോട്ടം മാനേജ്മെൻറ് കോടതി ഉത്തരവ് നേടിയിരുന്നു.
ബ്രിട്ടീഷുകാരുടെ കാലത്താണ് ഭൂമി വിട്ടുകിട്ടിയത്. 1964-ൽ പട്ടയവും സമ്പാദിച്ചു. വർഷങ്ങൾക്കുശേഷം ഹെലിബറിയ കമ്പനി പ്രദേശത്തെ തോട്ടം വിലയ്ക്കെടുത്തു. ഇതോടെയാണ് പ്രദേശത്തുള്ളവർ പ്രതിസന്ധിയിലായത്. ഒരേ ഭൂമിക്ക് പ്രദേശവാസികളും കമ്പനിയും കരം അടച്ചു. വ്യാജരേഖ ചമച്ചാണ് കമ്പനി പട്ടയം നേടിയെടുത്തതെന്നാണ് തൊഴിലാളികൾ അവകാശപ്പെടുന്നത്.
ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പിക്കാനും തൊഴിലാളികളെ കുടിയിറക്കാനുമായി കമ്പനി കോടതിയെ സമീപിച്ചു. തൊഴിലാളികളെ കുടിയിറക്കാൻ വിധിയും സമ്പാദിച്ചു. തുടർന്ന് 2020-ൽ തൊഴിലാളികളെ കുടിയിറക്കാൻ ശ്രമം നടന്നിരുന്നു.
തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. വീണ്ടും തൊഴിലാളികളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്.
മൂന്ന് സെന്റ് മുതൽ 30 സെന്റ് വരെ ഭൂമിയാണ് ഒരോരുത്തർക്കും ഉള്ളത്. തലമുറകളായി കരമടച്ച് ഉപയോഗിച്ചുവരുന്ന ഭൂമിയിൽനിന്നും കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തിൽ സർക്കാർ ഇടപെടണമെന്നാണ് ചെമ്മണ്ണ് നിവാസികൾ ആവശ്യപ്പെടുന്നത്.