കട്ടപ്പന ;അരിക് ഇടിഞ്ഞു; വാഹനയാത്ര അപകടകരമായി അപകട നിലയിൽ അമർ ജവാൻ റോഡ്
കട്ടപ്പന ∙ അമർ ജവാൻ റോഡിന്റെ വീതിക്കുറവും അരിക് ഇടിഞ്ഞിരിക്കുന്നതും മൂലം ഇതുവഴിയുള്ള വാഹനയാത്ര അപകടകരമായി. കഴിഞ്ഞ ദിവസം ഇതുവഴി എത്തിയ ബൈക്ക് യാത്രികർ അപകടത്തിൽപെട്ടെങ്കിലും തലനാരിഴയ്ക്കാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. സ്റ്റേഡിയത്തിന്റെ ഭാഗത്ത് ആരംഭിച്ച കെട്ടിട നിർമാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. നിർമാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരിക്കുന്ന കമ്പികൾ ഉയർന്നു നിൽക്കുന്ന ഭാഗത്തേക്കാണ് ബൈക്ക് യാത്രികരായ 2 യുവാക്കൾ വീണത്. കാടുപിടിച്ചു കിടക്കുന്ന ഭാഗത്തേക്ക് വീണതിനാലാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. അപകടം സംഭവിച്ചതു കണ്ട് പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് യുവാക്കളെ രക്ഷിച്ചത്.
2017 ഓഗസ്റ്റ് 29ന് ഈ റോഡിന്റെ അരിക് ഇടിഞ്ഞതിനെ തുടർന്ന് ഇവിടെ കല്ലുകൾ നിരത്തിയ ശേഷം അവശേഷിക്കുന്ന ഭാഗത്തു കൂടിയാണു ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. എന്നാൽ 2018 ഓഗസ്റ്റ് പകുതിയോടെ കാലവർഷം ശക്തി പ്രാപിച്ചപ്പോൾ ഇതിനു സമീപത്തായി വീണ്ടും വൻതോതിൽ മണ്ണിടിഞ്ഞു. പിന്നീട് ചെറുവാഹനങ്ങൾ മാത്രമാണു കടത്തിവിട്ടിരുന്നത്. ട്രഷറിക്കു സമീപത്തു കൂടി റെസ്റ്റ് ഹൗസിനരികെ ചെന്നെത്തുന്ന റോഡിലൂടെയാണു ബസുകൾ കടത്തിവിട്ടിരുന്നത്. ഇതു വൻ ഗതാഗതക്കുരുക്കിനു കാരണമായതോടെ ബസുകൾ വീണ്ടും അമർ ജവാൻ റോഡിലൂടെ കടത്തിവിടുകയായിരുന്നു. അതോടെ ഈ ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം ശക്തമായി. തുടർന്നാണ് സംരക്ഷണഭിത്തിക്കു പകരം ഇവിടെ കെട്ടിടം നിർമിച്ച് ഉപയോഗപ്രദമാക്കാൻ തീരുമാനിച്ചത്.
നഗരസഭയുടെ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ വിനിയോഗിച്ചുള്ള നിർമാണമാണ് നടത്തിയത്. റോഡിന്റെ കയറ്റം കുറച്ച്, വീതി കൂട്ടി കെട്ടിട നിർമാണം നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. കെട്ടിടം റോഡ് നിരപ്പിൽ എത്തുമ്പോൾ റോഡിലേക്ക് തിരിച്ച് ഷട്ടർ നിർമിക്കാനും പദ്ധതിയുണ്ട്. ഗ്രൗണ്ടിന്റെ ഭാഗത്തു വരുന്ന സ്ഥലത്ത് പാർക്കിങ് സൗകര്യം ഒരുക്കാനായിരുന്നു തീരുമാനം. കെട്ടിടം നിർമിച്ചാലും അവശേഷിക്കുന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമിച്ചെങ്കിൽ മാത്രമേ അപകടാവസ്ഥ ഒഴിവാകുകയുള്ളൂ.
നഗരസഭാ സ്റ്റേഡിയവും റോഡും ചേരുന്ന ഭാഗത്ത് നടത്തുന്ന കെട്ടിട നിർമാണ പ്രവർത്തനങ്ങൾ തുടരാൻ കൂടുതൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. 25 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടി പൂർത്തിയാക്കി. അടുത്ത കൗൺസിൽ യോഗത്തിന്റെ അംഗീകാരം ലഭിച്ച ശേഷം പണികൾ പുനരാരംഭിക്കും. നഗരസഭയുടെ പ്രവേശന കവാടം മുതലുള്ള ഭാഗത്ത് അമർ ജവാൻ റോഡിന് സംരക്ഷണഭിത്തി നിർമിക്കാൻ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
ബീന ജോബി, കട്ടപ്പന നഗരസഭാധ്യക്ഷ