മത്തായിപ്പാറ-ഉപ്പുതറ-പരപ്പ് റോഡ് അറ്റകുറ്റപ്പണി തുടങ്ങി
ഉപ്പുതറ : തകർന്നുകിടന്നിരുന്ന മത്തായിപ്പാറ-ഉപ്പുതറ-പൊന്നരത്താൻപരപ്പ് റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങി. ഇതോടെ ദുർഘടയാത്രയ്ക്ക് താൽക്കാലിക പരിഹാരമാകും. തേക്കടി-കൊച്ചി സംസ്ഥാനപാതയുടെ ഭാഗമായ റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പരപ്പ് മുതൽ മേച്ചേരിക്കട ബസ് സ്റ്റാൻഡ് വരെയാണ് ഏറ്റവും കൂടുതൽ തകർന്നുകിടന്നിരുന്നത്.
മെറ്റിൽ ഇളകിക്കിടന്നിരുന്നതിനാൽ ചെറുവാഹനങ്ങളിലെ യാത്രയും കാൽനടയാത്രയും സാഹസികമായിരുന്നു. മെറ്റിലിൽ തെന്നി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും വ്യാപാരസ്ഥാപനങ്ങളിലേക്ക് മെറ്റിൽ തെറിക്കുന്നതും നിത്യസംഭവമായിരുന്നു. കുഴിയിൽ ചാടാതെ വാഹനം വെട്ടിച്ചുമാറ്റുമ്പോഴും അപകടം ഉണ്ടാകുമായിരുന്നു.
ഐറിഷ് ഓടയോടുകൂടി ബി.എം.ബി.സി. മാതൃകയിൽ വാഗമൺ മുതൽ പരപ്പ് വരെ വീതി കൂട്ടി റോഡ് ടാറിങ് നടത്താൻ 2019-ൽ 22.50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിർമ്മാണം 2020 ജൂൺ 9-ന് തുടങ്ങിയെങ്കിലും മത്തായിപ്പാറയ്ക്ക് സമീപം പണി നിർത്തിവെച്ചു. ബാക്കി ഭാഗം കുഴിയടക്കാനെങ്കിലും നടപടി വേണമെന്ന് നാട്ടുകാരും വ്യാപാരികളും പലതവണ ആവശ്യപ്പെടുകയും മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തതോടെയാണ് അറ്റകുറ്റപ്പണിക്ക് തീരുമാനമായത്.
മഴ മൂലമാണ് വീതി കൂട്ടിയുള്ള റോഡ് ടാറിങ് നിർത്തിവെയ്ക്കാൻ കാരണമെന്നും അതുകഴിഞ്ഞാലുടൻ പണി തുടരുമെന്നും പൊതുമരാമത്ത് പീരുമേട് സബ് ഡിവിഷൻ അസി. എൻജിനീയർ മനേഷ് അറിയിച്ചു.