അഫ്ഗാനിലെ ഒഴിപ്പിക്കൽ ദൗത്യത്തിന് പേര് നൽകി ഇന്ത്യ; ‘ഓപ്പറേഷൻ ദേവി ശക്തി’


കാബുൾ∙ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യത്തിന് പേര് നൽകി ഇന്ത്യ. ‘ഓപ്പറേഷൻ ദേവി ശക്തി’ എന്നാണ് ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്. വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് 78 പേരെയാണ് അഫ്ഗാനിൽ നിന്ന് നാട്ടിലെത്തിച്ചത്. ഇതുവരെ 800 പേരെ ഇന്ത്യയിലെത്തിച്ചു.
ഇന്ന് എത്തിയ 78 പേരടങ്ങുന്ന സംഘത്തില്‍ 25 ഇന്ത്യക്കാരും അഫ്ഗാനിലെ സിഖ് വംശജരും ഉള്‍പ്പെടുന്നു. ഓഗസ്റ്റ് 16ാം തീയതിയാണ് ഇന്ത്യ അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. ആയിരക്കണക്കിന് ആളുകളാണ് രക്ഷതേടി കാബൂൾ വിമാനത്താവളത്തിലെത്തിയിരിക്കുന്നത്. ഒഴിപ്പിക്കലിനെ ശ്രമകരമായ ദൗത്യം എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.
ഇന്ത്യൻ എയർഫോഴ്സിനും എയർഇന്ത്യയ്ക്കും ട്വിറ്ററിലൂടെ മന്ത്രി നന്ദി പറഞ്ഞു. ഒാഗസ്റ്റ് 15 ഓടെയാണ് താലിബാൻ അഫ്ഗാന്റെ അധികാരം പിടിച്ചെടുത്തത്.