കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിങ്ങിന് തടയിടാൻ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നഗരസഭാ കത്ത് നൽകി


കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിങ്ങിന് തടയിടാൻ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നഗരസഭാ കത്ത് നൽകി . പുതിയ ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ്സുകൾ ആണ് സർവീസിന് മണിക്കൂറുകൾക്കു മുൻപെ പാർക്ക് ചെയ്യുന്നത്. ഇതിനോടൊപ്പം സ്വകാര്യ വാഹനങ്ങളും പാർക്ക് ചെയ്യുന്നു. ഇത് ഗതാഗത തടസ്സത്തിനും നിരവധി അപകടങ്ങൾക്കും ആണ് കാരണം ആകുന്നത്
കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിലുള്ള പുതിയ ബസ് സ്റ്റാൻഡിലാണ് അനധികൃത പാർക്കിംഗ് തകൃതിയാകുന്നത്. സർവീസിന് 30 മിനിറ്റ് മുൻപ് മാത്രമേ ബസ്സുകൾ സ്റ്റാൻഡ് കോമ്പൗണ്ടിൽ പ്രവേശിക്കാവുള്ളൂ എന്നാണ് നിയമം. എന്നാൽ ഓട്ടം കഴിഞ്ഞ വാഹനങ്ങൾ ഉൾപ്പെടെ സ്റ്റാൻഡിന്റെ പല ഭാഗത്തും നിർത്തിയിടുന്നതാണ് പതിവ്. ഇതിൽ സ്വകാര്യ ബസ്സുകളും കെഎസ്ആർടിസിയും ഉൾപ്പെടുന്നു. അവയോടൊപ്പം സ്വകാര്യ വാഹനങ്ങളും ഇവിടെ പാർക്ക് ചെയ്യുന്നതോടെ ഗതാഗത തടസ്സവും അപകടങ്ങളും ഉണ്ടാകുന്നത് പതിവാണ്. അതോടൊപ്പം കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ട് നേരിടുന്നു . ഈ സാഹചര്യത്തിലാണ് നടപടിയുമായി നഗരസഭ രംഗത്ത് വന്നിരിക്കുന്നത് .
അനധികൃതമായി ബസ്സുകൾ പാർക്ക് ചെയ്യുന്നതിനൊപ്പം ബസ് സ്റ്റാൻഡിനുള്ളിൽ വാഹനങ്ങൾ റിപ്പയർ ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. നഗരസഭ കൗൺസിൽ തീരുമാനം അനുസരിച്ചാണ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് കത്ത് നൽകിയത്.