റോഡിൽ കുണ്ടും കുഴിയും മാത്രം കഠിനമീ യാത്ര

മുട്ടം: ശബരിമല തീർത്ഥാടനം ആരംഭിച്ചിട്ടും നിരവധി ഭക്തജനങ്ങൾ കടന്നുപോകുന്ന മുട്ടം ടൗണിൽ തകർന്നു കിടക്കുന്ന റോഡ് നന്നാക്കാതെ അധികൃതർ. ജലവിതരണ പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് പെരുമറ്റം മുതൽ എരുമേലിയിലേക്കുള്ള പാത കടന്നുപോകുന്ന ഈരാറ്റുപേട്ട റോഡിന്റെ ഒരുഭാഗംവരെ കുഴിച്ച് വലിയ പൈപ്പ് ഇടുവാനായി റോഡ് വെട്ടിപ്പൊളിച്ചത്. എന്നാൽ പൈപ്പിട്ടതിനു ശേഷം അത് വേണ്ടവിധത്തിൽ മൂടി ടാർ ചെയ്യുവാനുള്ള ശ്രമം പലയിടത്തും ദീർഘകാലമായി നടന്നിരുന്നില്ല. പിന്നീട് ജനങ്ങൾ സമരവുമായി രംഗത്തിറങ്ങിയതിന്റെ ഫലമായി മുട്ടം മുതൽ ചള്ളാവയൽവരെയുള്ള ഭാഗത്ത് ടാറിംഗ് പൂർത്തിയാക്കിയിരുന്നു. അപ്പോഴും മുട്ടം ടൗണിനോട് ചേർന്ന് കിടക്കുന്ന കോടതി ജംഗ്ഷന്റെ ഭാഗത്ത് ടാറിംഗ് നടത്തുവാൻ അധികൃതർ തയ്യാറായിരുന്നില്ല. തീർത്ഥാടനകാലം ആരംഭിച്ചതോടെ തൊടുപുഴ – മുട്ടംവഴി നൂറുകണക്കിന് ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ ആണ് സഞ്ചരിക്കുന്നത്. ഈ വാഹനങ്ങൾക്കും ഇതുവഴി പോകുന്ന മറ്റ് വാഹനങ്ങൾക്കും ഗതാഗത തടസം ഉണ്ടാക്കുന്ന വിധത്തിലാണ് റോഡിന്റെ ഒരു വശം വലിയ കുഴിയായി രൂപപ്പെട്ടു കിടക്കുന്നത്. മുട്ടത്ത് പുതിയതായി പ്രവർത്തനം ആരംഭിച്ച പെട്രോൾ പമ്പിന് മുൻവശത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപ്പണിയിൽ ഉഴപ്പ്ഏറെ തിരക്കുള്ള പാതയിലാണ് ശബരിയുടെ തീർത്ഥാടകരെ പോലും ബുദ്ധിമുട്ടിക്കുന്ന വിധത്തിൽ, റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തി ഗതാഗയോഗ്യമാക്കുവാൻ അധികൃതർ വിമുഖത കാണിക്കുന്നത്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ശബരിമല തീർത്ഥാടകർ കടന്നുപോകുന്ന പാതകളെല്ലാം ഗതാഗയോഗ്യമാക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അതിനുള്ള യാതൊരു ശ്രമവും നടന്നിട്ടില്ല എന്നതാണ് വസ്തുത. പെരുമറ്റം മുതൽ മലങ്കര പാർക്കിന്റെ കവാടം വരെയുള്ള ഭാഗം തകർന്ന് കിടന്നത് അടുത്തിടെയാണ് ടാറിംഗ് പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കിയത്. എന്നാൽ മലങ്കര പാർക്ക് കവാടം മുതൽ മുട്ടം ഊരക്കുന്ന് പള്ളി ജംഗ്ഷൻ വരെയുള്ള ഭാഗത്തെ റോഡാണ് നിലവിൽ തകർന്ന് കിടക്കുന്നത്. ഈ ഭാഗത്തെ ടാറിംഗ് കൂടി പൂർത്തിയാക്കിയാൽ മാത്രമേ ശബരിമല തീർത്ഥാടകരുടെ വാഹനം ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ.













































































































































