വിലയിടിവിൽ പ്രതീക്ഷനശിച്ചു, പരിഹാരം തറവിലമാത്രമെന്ന് റബർ കർഷകർ

തൊടുപുഴ: ഇടയ്ക്കുണ്ടായ കുതിച്ചുചാട്ടത്തിനുപിന്നാലെ റബർവില വീണ്ടും ഇടിഞ്ഞതോടെ കർഷകരുടെ പ്രതീക്ഷകളും തകിടം മറിയുന്നു. വില 300ലേക്ക് എത്തിയപ്പോൾ വീണ്ടും കൃഷി ആരംഭിക്കാമെന്ന് പദ്ധതി ഇട്ടവരാണ് നിരാശയിലായിരിക്കുന്നത്. നിലവിൽ 262 – 268ലേക്ക് വ്യാപാരികൾ എടുക്കുന്ന വില താഴ്ന്നിരിക്കുകയാണ്.ഇതോടെ വില ഇനിയും ഇടിയുമെന്ന ഭീതിയിലാണ് കർഷകർ. ഇടക്കാലത്ത് റബർ വിലയിടിവ് മാറ്റമില്ലാതെ തുടർന്നതോടെ റംബൂട്ടാൻ, പൈനാപ്പിൾ അടക്കമുള്ളകൃഷികളിലേക്ക് വലിയൊരുവിഭാഗം കർഷകർ മാറി ചിന്തിച്ചിരുന്നു. കൃഷി നടത്താൻ വശമില്ലാത്ത പലരും പാട്ടത്തിന് സ്ഥലം കൊടുത്തുംവരുമാനമുറപ്പിച്ചിരുന്നു.ഇതോടെ പഴയമരങ്ങൾ നിന്നിരുന്നതോട്ടങ്ങൾ വെട്ടിയാൽ പകരം പുതിയ തൈ നടുന്നതിലും പലർക്കും വിമുഖതയായി. പുതുതലമുറക്ക് റബർ ടാപ്പിംഗിനോട് താൽപര്യമില്ലാത്തതും പരമ്പരാഗത കർഷകരുടെ മാറ്റത്തിന് പ്രേരണയായി. ഇപ്പോഴത്തെ വിലയിടിവ് വൻകിട ടയർ ലോബികൾക്കു വേണ്ടി ഇടനിലക്കാർ ഇടപെടുന്നതാണെന്നും ആരോപണമുണ്ട്. മഴ കുറഞ്ഞതോടെ ടാപ്പിംഗ് സജീവമായതോടെ കൂടുതൽ റബർ വിപണിയിലെത്തിയതും വിലയിടിവിനുള്ള കാരണമായതായും പറയപ്പെടുന്നു.വില 300 കടന്നപ്പോഴും കർഷകന് ഗുണകരമായില്ല വില 300 കടന്നെങ്കിലും പാലിന്റെയും ഒട്ടുപാലിന്റെയും ഉത്പാദനം പകുതിയിൽ താഴെയായിരുന്നു.
തോട്ടങ്ങളിലെ പട്ടമരപ്പ് രോഗം ഇതുവരെ കാണാത്ത രീതിയിൽ വ്യാപകമായി വർദ്ധിച്ചു.
10 ഷീറ്റ് കിട്ടിയിരുന്നിടത്ത് ഇപ്പോൾ 4 ഷീറ്റ് പോലും കിട്ടാത്ത അവസ്ഥയാണ്. ഇന്ന് വെട്ടുമ്പോൾ പാലുള്ള മരം, തൊട്ടടുത്ത ദിവസം വെട്ടുമ്പോൾ പട്ടമരപ്പ് ആയി മാറുന്നതോടെ പാലും കുറയുന്നു.
കാലാവസ്ഥാ വ്യതിയാനം റബർ കൃഷിയേയും സാരമായി ബാധിച്ച് തുടങ്ങി വെട്ടാൻ ആളില്ലാതായതോടെ പങ്കിന് വെട്ടാൻ നൽകിത്തുടങ്ങിയതോടെ ഉടമസ്ഥരായ കർഷകർക്ക് നഷ്ടംമാത്രമായി വേനൽ ചൂടിൽ നിന്നും സംരക്ഷണമൊരുക്കുന്നതിനുള്ള തുരിശ്, കുമ്മായം, മരുന്ന് അടക്കമുള്ളവയ്ക്ക് ഇരട്ടിവിലയായതും തിരിച്ചടിയായി.













































































































































