അടിമാലിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

അടിമാലി: തോക്കുപാറ ശങ്കുപ്പടി അങ്കണവാടിക്ക് സമീപം പൂർണ വളർച്ച എത്തിയെതെന്ന് സംശയിക്കുന്ന നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. വെള്ളത്തൂവൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ശങ്കുപ്പടിയിൽ നിന്ന് അവിവാഹിതയായ യുവതി അടിമാലി താലൂക്ക് ആശുപത്രിയിൽ രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടി എത്തിയിരുന്നു. ഡോക്ടറുടെ പരിശോധനയിൽ ഗർഭധാരണ സംശയം കണ്ടെത്തിയിരുന്നു. യുവതി കൂടുതൽ ക്ഷീണിതയായി കാണപ്പെട്ട സാഹചര്യത്തിൽ ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ശങ്കുപ്പടി ഭാഗത്ത് നടത്തിയ തിരച്ചിലിൽ ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വെള്ളത്തൂവൽ സി.ഐ കെ.എം സന്തോഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. ഇത് സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













































































































































