ലൈഫ് പദ്ധതിയുടെ പേരിൽ എം.എൽ.എയ്ക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതം: കോൺഗ്രസ്

കട്ടപ്പന : കാഞ്ചിയാർ പഞ്ചായത്ത് വെങ്ങാലൂർക്കടയിൽ നടപ്പാക്കുന്ന ലൈഫ് പാർപ്പിട സമുച്ചയത്തിന്റെ പേരിൽ റോയ് കെ പൗലോസ് എം. എൽ. എക്കെതിരെയുളള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കോൺഗ്രസ്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലുള്ള സാമഗ്രികൾ ഉപയോഗിച്ച് അഴിമതിരഹിതമായി പദ്ധതി പൂർത്തീകരിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും നേതാക്കൾ വ്യക്തമാക്കി. 2020 സെപ്തംബർ 24ന് നിർമാണം ആരംഭിച്ച് 2026 ഡിസംബറിൽ പൂർത്തീകരിക്കേണ്ട പദ്ധതി നിലവിൽ 10 ശതമാനം മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബർ 10ന് കലക്ടറുടെ ചേംബറിൽ നടന്ന അവലോകന യോഗത്തിൽ പദ്ധതി പൂർത്തീകരിച്ച കരിമണ്ണൂർ, അടിമാലി പഞ്ചായത്ത് പ്രതിനിധികൾ നമ്മുടെ നാടിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത മെറ്റീരിയൽ ആണ് ഈ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് അഭിപ്രായപ്പെടുകയും കട്ടപ്പന, വാത്തിക്കുടി, പഞ്ചായത്ത് പ്രതിനിധികൾ ഇത് ശരിവയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ കാഞ്ചിയാറിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരോട് ഇവിടുത്തെ നിർമാണങ്ങൾ നേരിൽകണ്ട് ബോദ്ധ്യപ്പെട്ട് തുടർനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ 3ന് കാഞ്ചിയാർ പഞ്ചായത്ത് ഭരണസമിതി കരിമണ്ണൂരിലെ ഫ്ളാറ്റ് സമുച്ചയം കാണുകയും നിർമാണം നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലെയെന്ന് മനസിലാക്കുകയും ചെയ്തു.
കാഞ്ചിയാറിലെ സമുച്ചയത്തിന് 5,44,26,000രൂപ മുതൽ മുടക്കുമ്പോൾ ഒരു കുടുംബത്തിന് ഏതാണ്ട് 12.50 ലക്ഷത്തോളം ആണ് വകയിരുത്തിയിരിക്കുന്നത്. ആ തുകയ്ക്ക് സ്ഥലവും, വീടും നിർമിക്കാമെന്നിരിക്കെ ഈ സമുച്ചയം നിർമിക്കുന്ന മേഖലയിൽ വലിയ രീതിയിൽ ജലക്ഷാമവും ഉളളതാണ്. മുൻമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ നടപ്പാക്കാതെ തുരങ്കം വയ്ക്കുന്നു എന്ന ആരോപണം ശരിയല്ലെന്നും കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, കാഞ്ചിയാർ മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂർ എന്നിവർ പറഞ്ഞു.













































































































































