ഐപിഎല്ലിൽ ആദ്യ ജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസ്; വാങ്കഡെയിൽ കൊൽക്കത്തയെ നേരിടും


ഐപിഎല്ലിൽ ആദ്യ ജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും. രാത്രി ഏഴരയ്ക്ക് മുംബൈ വാങ്കഡെയിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികൾ. വാങ്കഡെയിൽ ഇന്ന് വമ്പന്മാരുടെ കൊമ്പുകോർക്കൽ.
പെരുമക്കൊത്ത പ്രകടനമില്ലാത്ത ബാറ്റിങ് നിരയാണ് ആദ്യ രണ്ട് കളികളിലും മുംബൈ ഇന്ത്യൻസിനെ ചതിച്ചത്. ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനത്തിലൂടെ പ്രതീക്ഷയായ രോഹിത് ശർമ്മ വീണ്ടും പഴയ പടിയായി. ഓപ്പണിങ്ങിലെ കൂട്ടാളി ദക്ഷിണാഫ്രിക്കൻ താരം റിയാൻ റിക്കിൾട്ടനും താളം കണ്ടെത്താനായിട്ടില്ല. പൊള്ളാർഡിനേയും ടിം ഡേവിഡിനേയും പോലെ വെടിക്കെട്ട് ഫിനിഷർമാർ ഇല്ലാത്തതാണ് ടീമിന്റെ എറ്റവും വലിയ പോരായ്മ. ബാറ്റർമാർ ഫോമിലേക്ക് ഉയർന്നില്ലെങ്കിൽ ജയത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും മുൻ ചാന്പ്യന്മാർക്ക്.
ഉദ്ഘാടന മത്സരത്തിൽ ബെംഗളരൂവിനോട് തോറ്റങ്കിൽ രാജസ്ഥാനെ 8 വിക്കറ്റിന് തകർത്ത് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ക്വിന്റൺ ഡികോക്ക്, വെങ്കിടേഷ് അയ്യർ, ആന്ദ്രേ റസൽ, റിങ്കു സിങ് തുടങ്ങി വാങ്കഡെയിൽ വെടിക്കെട്ടിന് തിരികൊളുത്താൻ പവർഹിറ്റർമാർ ഏറെയുണ്ട് കെകആർ നിരയിൽ. അത്ര താരത്തിളക്കമില്ലാത്ത ബൌളിങ് നിര തിരിച്ചടി വാങ്ങാനും സാധ്യതയുണ്ട് നേർക്കുനേർ കണക്കുകളിൽ മൃഗീയാധിപത്യമുണ്ട് മുംബൈയ്ക്ക്. 34 മത്സരങ്ങളിൽ 23ലും ജയിച്ചത് മുംബൈ ഇന്ത്യൻസ്. ജയിച്ച 11 മത്സരങ്ങളിൽ അവസാന രണ്ട് ഏറ്റുമുട്ടലിലേതുമുണ്ടെന്നത് കൊൽക്കത്തയ്ക്ക് കരുത്തേകുന്നു.