സഹകരണ ആശുപത്രിയില്‍ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി
കട്ടപ്പന: ജനകീയ സ്ഥാപനമായി മാറികഴിഞ്ഞ സഹകരണ ആശുപത്രിക്ക് മറ്റൊരു പൊന്‍തൂവല്‍കൂടി. ഹൈറേഞ്ചില്‍ ആദ്യമായി കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കട്ടപ്പന സഹകരണ ആശുപത്രിയിലെ സീനിയര്‍ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ഇബാദ്ഷാ എം.ബി.ബി.എസ് ,എം എസ്,ഡി.എന്‍.ബി യുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
നെടുങ്കണ്ടം ആനക്കല്ല് കോക്കാട്ട് മുണ്ടയില്‍ സാലമ്മ കുര്യനാണ് (55) ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മ. ആഗസ്റ്റ് 31 നായിരുന്നു ശസ്ത്രക്രിയ. സാലമ്മ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് വെളളിയാഴ്ച ആശുപത്രി വിട്ടു. കൃഷി ജോലി നന്നായി ചെയ്യുന്ന വീട്ടമ്മയായ സാലമ്മക്ക് 5 വര്‍ഷമായി കാല്‍മുട്ട് വേദന തുടങ്ങിയിട്ട്. മുട്ടിന് തേയ്മാനം കൂടി വന്നതോടെ നടക്കാന്‍ തന്നെ പ്രയാസമായി . തമിഴ്നാട്ടില്‍ ഉള്‍പ്പെടെ വിവിധ ആശുപത്രികളില്‍ പോയിരുന്നു. കാല്‍മുട്ട് മാറ്റിവയ്ക്കുക മാത്രമാണ് പ്രതിവിധിയെന്ന് എല്ലാ ആശുപത്രികളില്‍ നിന്നും പറഞ്ഞിരുന്നു. എന്നാല്‍ എവിടെ സര്‍ജറി ചെയ്യുമെന്നായിരുന്നു അടുത്ത പ്രശ്നം .
തൊടുപുഴയിലോ എറണാകുളത്തോ പോയി ശസ്ത്രക്രിയ നടത്തുന്നതിനുളള സാമ്പത്തിക ബുദ്ധിമുട്ടും യാത്രാ പ്രശ്നങ്ങളും സാലമ്മക്ക് തടസ്സമായിരുന്നു. അതിനെ തുടര്‍ന്നാണ് സാലമ്മ കട്ടപ്പന സഹകരണ ആശുപത്രിയിലെത്തി ഓര്‍ത്തോ സര്‍ജനെ കണ്ടത്. മറ്റ് ആശുപത്രികളിലേതിനേക്കാള്‍ 25 മുതല്‍ 50 ശതമാനം വരെ ചാര്‍ജ് കുറച്ചാണ് സഹകരണ ആശുപത്രിയില്‍ സര്‍ജറി നടത്തുന്നതെന്ന് ഡോക്ടര്‍ പറഞ്ഞതോടെ സാലമ്മക്കും കുടുംബാംഗങ്ങള്‍ക്കും ആശ്വാസമായി.