ഡിജിറ്റൽ സർവ്വേക്ക് കൈക്കൂലി- താല്കാലിക സർവ്വേയർ വിജിലൻസ് പിടിയിൽ.
ഇടുക്കി ദേവികുളം താലൂക്കിലെ താല്കാലിക സർവ്വേയറായ അടിമാലി പനംകുട്ടി അമ്പാട്ട് ഹൗസിൽ നിതിൻ എസ് (34) 50000 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് പിടികൂടി. പ്രതിയെ ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം നേര്യമംഗലത്തെ ഗസ്റ്റ് ഹൗസിൽ നിന്നും പിടികൂടിയത്. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ ബൈസൺവാലി വില്ലേജിലെ പൊട്ടൻകാട് താവളം പരിധിയിൽപെട്ട 146 ഏക്കർ വരുന്ന ഏലതോട്ടത്തം ഡിജിറ്റൽ സർവ്വേ പ്രകാരം അളന്ന് തിട്ടപ്പെടുത്തുന്നതിനായി രണ്ടാഴ്ച മുമ്പ് താല്കാലിക സർവ്വേയറായ നിതിൻ എസ് ഏലത്തോട്ടത്തിലെത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അത്രയും തുക നൽകാൻ കഴിയില്ലായെന്ന് പറഞ്ഞതിനാൽ 75000 രൂപ എങ്കിലും കൈക്കൂലി തന്നാലെ സ്ഥലം അളക്കുകയുള്ളൂവെന്ന് പറഞ്ഞു. പിന്നീട് എസ്റ്റേറ്റ് മാനേജർ കഴിഞ്ഞ വ്യാഴാഴ്ച സർവ്വേയറെ ഫോണിൽ വിളിച്ചപ്പോൾ കൈക്കൂലി നൽകിയാൽ മാത്രമേ വസ്തു അളന്ന് തിട്ടപ്പെടുത്താൻ പറ്റുകയുള്ളുവെന്നും ആദ്യ ഗഢുവായി 50000 രൂപ 30/12/2024 നൽകണമെന്നും പറഞ്ഞു. തുടർന്ന് എസ്റ്റേറ്റ് മാനേജർ ഈ വിവരം ഇടുക്കി വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം താല്കാലിക സർവ്വേയറെ നിരീക്ഷിക്കുകയും കെണിയൊരുക്കുകയും ചെയ്തു വരുന്നതിനിടയിൽ ഇന്നലെ വൈകുന്നേരം 5:00 മണിക്ക് എറണാകുളം ജില്ലയിലെ നേര്യമംഗലം പിഡബ്ലിയുഡി ഗസ്റ്റ് ഹൌസിന് മുന്നിൽ വച്ച് പരാതിക്കാരനിൽ നിന്നും ആദ്യ ഗഢു കൈക്കൂലിയായ 50000 രൂപ വാങ്ങവേ നിതിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി. സംസ്ഥാനത്ത് പല സ്ഥലത്തും ഡിജിറ്റൽ സർവ്വേ നടപടികൾ നടന്ന് വരുകയാണ്. സർവ്വേ വേഗത്തിൽ പൂർത്തിയാക്കുന്നതിനാണ് കോൺട്രാക്ട് സർവ്വേയർമാരെകൂടി നിയമിച്ചിട്ടുള്ളത്. ഇത്തരത്തിൽ മറ്റ് സ്ഥലങ്ങളിലെ സർവ്വേ നടപടികളും വിജിലൻസ് നിരീക്ഷിച്ച് വരുന്നു.