കത്തോലിക്കാ സ്ഥാപനങ്ങള്‍ മുതല്‍ ചെസ് ക്ലബുകള്‍ വരെ പൂട്ടിക്കുന്നു; നിക്കരാഗ്വയില്‍ ഉരുക്ക് മുഷ്ടിയുമായി സര്‍ക്കാര്‍


ചെറിയ രാജ്യങ്ങളിലെ വലിയ സംഭവവികാസങ്ങള്‍ പലപ്പോഴും ആഗോള ശ്രദ്ധ ആകര്‍ഷിക്കാറില്ല. ഇത്തരത്തില്‍ അധികം ശ്രദ്ധ പതിയാത്ത, എന്നാല്‍ അത്യന്തം ഗൗരവതരമായ പ്രശ്‌നങ്ങളാല്‍ നട്ടം തിരിയുകയാണ് നിക്കരാഗ്വാ എന്ന മധ്യഅമേരിക്കന്‍ രാജ്യം. മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ജനങ്ങള്‍ തെരുവിലിറങ്ങുന്ന സാഹചര്യമാണ് രാജ്യത്ത്. പൗരസമൂഹത്തെ ഒന്നാകെ അടിച്ചമര്‍ത്തുന്ന കിരാത നടപടികളാണ് പ്രസിഡന്റ് ഡാനിയേല്‍ ഒട്ടെര്‍ഗ കഴിഞ്ഞ ആറ് വര്‍ഷങ്ങളായി സ്വീകരിച്ചു പോരുന്നത്.
1500 സര്‍ക്കാര്‍ ഇതര സംഘടനകളുടെ നിയപപരമായ പദവി റദ്ദാക്കുക എന്ന അസാധാരണ നടപടി ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയയാണ്. നിക്കരാഗ്വന്‍ റെഡ്‌ക്രോസ്, ചില ക്രിസ്ത്യന്‍ ചാരിറ്റി സംഘടകള്‍, ചെസ് ക്ലബ്ബുകള്‍ ഉള്‍പ്പടെയുള്ള സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍, സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവയെല്ലാം നിയമസാധുത നിഷേധിക്കപ്പെട്ട സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്നു. ഡൊണേഷനുകള്‍ ഉള്‍പ്പടെയുള്ള സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ ഈ സ്ഥാപനങ്ങള്‍ പരാജയമാണെന്നതാണ് നിക്കരാഗ്വന്‍ ഇന്റീരിയര്‍ മന്ത്രാലയം നടപടിക്ക് നല്‍കുന്ന വിശദീകരണം.
78കാരനായ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളെ ആക്രമിക്കുന്നത് ഇത് ആദ്യമല്ല. 5000ത്തില്‍ അധികം സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും, മീഡിയ ഔട്ട്‌ലറ്റുകളും സാമൂഹിക കായിക ക്ലബ്ബുകളും സ്വകാര്യ സര്‍വകലാശാലകളുമെല്ലാം ഒര്‍ട്ടെഗയുടെ ഉരുക്കുമുഷ്ടിയില്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നിട്ടുണ്ട്. 300 രാഷ്ട്രീയക്കാരെയും, മാധ്യമപ്രവര്‍ത്തകരെയും രാജ്യദ്രോഹക്കുറ്റം ആരോപിച്ച് നാടുകടത്തി. നിക്കരാഗ്വായിലെ എല്ലാ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലോ സഖ്യത്തിലോ മാത്രം പ്രവര്‍ത്തിക്കണമെന്ന നിയമം കൂടി പാസായതോടെ ഞെരുക്കം അതിന്റെ പാരമ്യതയിലെത്തി.
നിക്കരാഗ്വായിലെ ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ക്ക് സാമ്പത്തികമായ കാരണങ്ങളും ഒട്ടേറെയുണ്ട്. പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുകയും തൊഴിലാളികളുടെയും തൊഴില്‍ദാതാക്കളുടെയും വിഹിതം വര്‍ധിപ്പിക്കുകയും ചെയ്ത സാമൂഹിക പരിഷ്‌കരണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നടപടിയാണ് പ്രതിഷേധങ്ങള്‍ക്ക് പെട്ടന്നുള്ള ഉത്തേജകമായി വര്‍ത്തിച്ചത്.
ജനങ്ങള്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി. സര്‍ക്കാരും പോലീസും അക്രമോത്സുകമായിത്തന്നെ പ്രതിഷേധക്കാരെ നേരിട്ടു. ജനങ്ങളുടെ പോരാട്ടം അതിക്രൂരമായി സര്‍ക്കാര്‍ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നു. സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. സ്വതന്ത്രമായി റിപ്പോര്‍ട്ടിങ്ങ് നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ ഭീഷണിയും അവഹേളനവും അക്രമവും അഭിമുഖീകരിച്ചു. ഐക്യരാഷ്ട്ര സഭ ഈ നടപടികളെ തുടര്‍ച്ചയായി അപലപിക്കുന്നുണ്ടെങ്കിലും പ്രസിഡന്റ് ഒര്‍ട്ടെഗ ഇതൊന്നും മുഖവിലയ്‌ക്കെടുക്കുന്നില്ല. കണ്ടറിയണം, ഈ മധ്യഅമേരിക്കന്‍ രാജ്യത്ത് ഇനി എന്തൊക്കെ സംഭവിക്കുമെന്ന്.